ദില്ലി/മുംബൈ: രാജ്യത്ത് കൊവിഡ് രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ദില്ലിയിലും മുംബൈയിലും കൊവിഡ് ബാധിച്ച് ഇന്ന് ഓരോ മലയാളികൾ മരിച്ചു. മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജിഎ പിള്ള (70) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നേരത്തെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തു നാവായിക്കുളം സ്വദേശിയാണ്. 50 ലേറെ മലയാളികളാണ് മുംബൈയിൽ മാത്രം രോഗബാധിതരായി മരിച്ചത്. അതേ സമയം ദില്ലിയിൽ കൊവിഡ് രോഗബാധിതനായി തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി വികെ രാധാകൃഷ്ണനാണ് ഇന്ന് ദില്ലിയിൽ രോഗം ബാധിച്ച് മരിച്ചത്. ദില്ലി തുഗ്ലക്കാബാദിലായിരുന്നു താമസം.