തിരുവനന്തപുരം: നെടുമ്പാശ്ശേരി ജിസ്മോൻ കൊലപാതകക്കേസിൽ  രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാന പ്രതികളായ ബേസിൽ, വിനു മണി എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രധാന പ്രതി മനു മണിയും അയാളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടു പേരും കഴിഞ്ഞ ദിവസം പിടിയിൽ ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി സ്വദേശി ജിസ്മോന്‍ കുത്തേറ്റ് മരിച്ചത്.

നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ചാണ് ജിസ്മോന് കുത്തേറ്റത്. ജിസ്മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വിൽപ്പന സംഘവും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ജിസ്മോനെ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവർ ഓടി വരുന്നത് കണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.