തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് എതിരെ കൂടി പൊലീസ് കേസെടുത്തു. നിലമ്പൂരിലും ആലുവയിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ 14 ദിവസം നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നിലമ്പൂരിൽ സ്ത്രീക്കെതിരെയും ആലുവയിൽ പുരുഷനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും സർക്കാർ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് 19 വ്യാപനത്തിനിടയിലും ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് കുർബാന നടത്തിയതിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിക്ക് പൊലീസ് നോട്ടീസ് അയച്ചു. ആരോഗ്യവകുപ്പിന്റെ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം ഇടവട്ടം മറവൻതുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിന് വയനാട് ജില്ലയിലെ പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കല്‍ വീട്ടില്‍  ഫഹദ് (25) നെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നാലാം മൈല്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാജ വിവരങ്ങൾ വാട്സ് ആപ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നാണ് കേസ് എടുത്തത്.

പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ കേസ് എടുത്തത് പയ്യോളിയിലാണ്. മണിയൂർ ഉല്ലാസ് നഗറിലുള്ള പൂവത്തിൻ മീത്തൽ മുഹമ്മദലി (34) യുടെ പേരിലാണ് പയ്യോളി പൊലീസ്‌ കേസെടുത്തത്. മണിയൂരിലെ മെഡിക്കല്‍ ഓഫീസര്‍ പയ്യോളി പൊലീസിന് നല്‍കിയ പരാതിയിലാണ് കേസ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക