Asianet News MalayalamAsianet News Malayalam

കേരളത്തിന് നേട്ടത്തിളക്കം, രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

കൊവിഡ് കാലത്ത് സംസ്ഥാനത്തെ കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

two more hospitals in kerala got nqas recognition
Author
Thiruvananthapuram, First Published Jun 7, 2021, 3:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 92.56 ശതമാനം), ആലപ്പുഴ നെഹ്‌റു ട്രോഫി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 89.96 ശതമാനം) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി ലഭിച്ചത്. പോരായ്മകള്‍ പരിഹരിച്ച് ഈ രണ്ട് കേന്ദ്രങ്ങളിലും മികച്ച ചികിത്സാ സൗകര്യങ്ങളാണൊരുക്കിയത്. 

കൊവിഡ് കാലത്ത് സംസ്ഥാനത്തെ കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഈ രണ്ട് സ്ഥാപനങ്ങള്‍ക്ക് കൂടി പുതുതായി എന്‍.ക്യു.എ.എസ്. ലഭിച്ചതോടെ സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 30 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 77 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. ജില്ലാതല ആശുപത്രികളുടെ കൂട്ടത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോഴിക്കോട് 96 ശതമാനം സ്‌കോറോടെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. താലൂക്ക് ആശുപത്രി ചാലക്കുടി 98.07 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച സബ്ജില്ലാ ആശുപത്രിയായി മാറി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നേടുന്ന സംസ്ഥാനവും (30 കേന്ദ്രങ്ങള്‍) കേരളമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios