Asianet News MalayalamAsianet News Malayalam

സുനാമി ഇറച്ചി പിടിച്ചതിന് പിന്നാലെ വ്യാപക പരിശോധന, കൊച്ചിയിൽ 2 ഹോട്ടലുകൾ പൂട്ടി, 'നിരോധിത കളർ' പിടിച്ചു

പൈപ്പ് ലൈൻ റോഡിലുള്ള ഫലാസിൽ ദുബായ്, ഡെയിലി മീറ്റ്  എന്നീ കടകളാണ് പൂട്ടിച്ചത്.

two more hotels shut down after raid in kalamassery kochi
Author
First Published Jan 12, 2023, 11:06 PM IST

കൊച്ചി : സുനാമി ഇറച്ചി പിടികൂടിയതിന് പിന്നാലെ കളമശ്ശേരി നഗരസഭാ പരിധിയിൽ വ്യാപക പരിശോധന. രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടിച്ചു. പൈപ്പ് ലൈൻ റോഡിലുള്ള ഫലാസിൽ ദുബായ്, ഡെയിലി മീറ്റ്  എന്നീ കടകളാണ് പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗവും, കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നായിരുന്നു പരിശോധന. ഡെയിലി മീറ്റ് എന്ന ജ്യൂസ് കടയിൽ നൂറിലേറെ പാക്കറ്റ് പാലുകൾ ദിവസങ്ങളായി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഫലാസിൽ ദുബായ് എന്ന ഹോട്ടലിൽ നിന്നും ഭക്ഷണത്തിൽ ചേർക്കുന്ന അനുവദനീയമല്ലാത്ത കളറുകൾ അടക്കം കണ്ടെത്തി, ഇവ ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. ഈ ഹോട്ടലിന് പ്രവർത്തിക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല. 

നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിറച്ചിയാണ് കളമശ്ശേരിയിൽ നിന്നും ഇന്ന് പിടികൂടിയത്. റെയ്ഡിന് തൊട്ട് മുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഇറച്ചി വിൽപ്പന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകി. കളമശ്ശേരി കൈപ്പുടമുകളിലെ വാടക വീട് കേന്ദ്രീകരിച്ചാണ് സുനാമി ഇറച്ചിയുടെ വിപണനം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. 

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറുകളിൽ 500 കിലോ കോഴിയിറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസറുകൾ തുറന്നപ്പോൾതന്നെ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. വിവിധ ഫ്രീസറുകളിൽ നിന്ന് 500 കിലോ മാംസമാണ് കണ്ടെടുത്തത്. ഇതോടൊപ്പം ഇറച്ചി പാചകം ചെയ്യുന്നതിനുള്ള 150 കിലോ പഴകിയ എണ്ണയും കണ്ടത്തി.

തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നാണ് ചത്തതും അസുഖം പിടികൂടിയതുമായി കോഴിയിറച്ചി കുറഞ്ഞ വിലയിൽ തീവണ്ടിമാർഗം കൊച്ചിയിലെത്തിക്കുന്നത്. ഇവ നഗരത്തിലെ ഹോട്ടലുകൾ തട്ടുകടകൾ എന്നിവിടങ്ങളിലാണ് ഷവർമ അടക്കമുണ്ടാക്കാൻ വിതരണ ചെയ്തിരുന്നത്. ആറ് മാസമായി മണ്ണാർക്കാട് സ്വദേശി ജുനൈസ് വാടക വീട് കേന്ദ്രീകരിച്ച് ഇവ വിതരണം ചെയ്യുന്നു. റെയ്ഡിന് തൊട്ട് മുൻപും ഈ കേന്ദ്രത്തിൽ നിന്ന് ഇറച്ചി നൽകിയതായി ഇതര സംസഥാനക്കാരായ ജീവനക്കാർ പറഞ്ഞു. സ്ഥാപനത്തിന് ലൈസൻസ് ഇല്ലായിരുന്നു. നടത്തിപ്പുകാരന് കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകും.  

 

Follow Us:
Download App:
  • android
  • ios