കൊലയാളി സംഘത്തിലെ ഒരാളെ ഇന്ന് നേരത്തെ പിടികൂടിയിരുന്നു.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കൂടി കുടുക്കാൻ പൊലീസിന് സാധിച്ചത്. 

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് (RSS)പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ (Sreenivasan Murder Case) രണ്ട് പേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത, മുഖ്യ പ്രതികൾക്കാവശ്യമായ സഹായം നൽകിയ രണ്ട് പേരാണ് പിടിയിലായത്. കൊലയാളി സംഘത്തിലെ ഒരാളെ ഇന്ന് നേരത്തെ പിടികൂടിയിരുന്നു.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കൂടി കുടുക്കാൻ പൊലീസിന് സാധിച്ചത്. പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്. 

പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.