തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച പരാതിയിൽ  പിടിയിലായ പൂജാരിയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം അലത്തറ സ്വദേശികളായ ഷാജിലാൽ, സഹായി സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.  ഈമാസം ഏഴിനായിരുന്നു സംഭവം. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും പരിഹാരത്തിനായി  പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. 

പൂജയുടെ ഭാഗമായി സഹായിയായ സുരേന്ദ്രന്  പ്രസാദം നൽകാൻ യുവതിയോട്  ആവശ്യപ്പെടുകയായിരുന്നു. പ്രസാദം നൽകാൻ സുരേന്ദ്രന്‍റെ അടുത്തെത്തിയ യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പൂജാസഹായിയായ സുരേന്ദ്രൻ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പ്രതികളും യുവതിയുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധത്തിലുമായിരുന്നു. 

പൂജാരി ആസൂത്രിതമായി യുവതിയെ സഹായിയുടെ അടുത്തെത്തിച്ചെന്നാണ് പൊലിസ് പറയുന്നത്. യുവതി  തന്‍റെ  ബന്ധുവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ  പിതാവിന്‍റെ പരാതിയിന്മേലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.