മരിച്ചയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിലുള്ളവരാണ്. രണ്ടുപേരെ കസ്റ്റഡിയിൽ  എടുത്തെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജ്മുറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോയെന്നും അതോ നേരത്തെ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയതാണോയെന്നും അന്വേഷിക്കുമെന്നും എസ്‍പി പറഞ്ഞു. മരിച്ചയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിലുള്ളവരാണ്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിലാണ് നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാള്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. 

സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.