Asianet News MalayalamAsianet News Malayalam

പാനൂര്‍ വധം; രണ്ടുപേര്‍ കൂടി പിടിയില്‍, മന്‍സൂറിന്‍റെ സഹോദരന്‍റെ മൊഴിയെടുത്തു

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍റെ മൊഴിയെടുക്കുകയാണ്.

two people were taken into custody on panoor murder
Author
Kannur, First Published Apr 10, 2021, 2:23 PM IST

കണ്ണൂര്‍: പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ പങ്കെടുത്തവരാണ് ഇരുവരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍റെ മൊഴിയെടുത്തു.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. 

മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. 

ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബ‍ർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios