കോഴിക്കോട്: കൊവിഡ് വ്യാപനം സംബന്ധിച്ച് നിലവിലുള്ള നിഗമനങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് കോഴിക്കോട് ജില്ലയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രണ്ട് പേർക്കാണ് കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ രണ്ട് പേരും കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരി സ്വദേശികളാണ്. ഇവരുടെ മൂന്ന് ബന്ധുകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതാണ്. 

കോഴിക്കോട് എടച്ചേരി സ്വദേശിയായ 39കാരന്‍ ഇയാളുടെ മാതാവ് എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പിതാവിനും സഹോദരനും  സഹോദരിയുടെ മകള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 18നായിരുന്നു ഇയാളും സഹോദരനും ദുബായില്‍ നിന്ന്  മടങ്ങിയെത്തിയത്. ശേഷം ഇരുവരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 

ആദ്യം രോഗലക്ഷണം കണ്ടത് 67കാരനായ പിതാവില്‍. തുടര്‍ന്ന് ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണം തുടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോള്‍ പിതാവിന് കൊവിഡെന്ന് വ്യക്തമായി. തുടര്‍ന്നാണ് വിദേശത്തുനിന്നെത്തിയ മക്കളുടെയും മറ്റു ബന്ധുക്കളുടെയും സാംപിള്‍ പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 35കാരന് രോഗം സ്ഥിരീകരിച്ചത് വിദേശത്തു നിന്നെത്തി 27ആമത്തെ ദിവസം. ജ്യേഷ്ഠന് രോഗം സ്ഥിരീകരിച്ചതാവട്ടെ 29ആമത്തെ ദിവസവും . വിദേശത്തു നിന്നെത്തുന്നവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. നിരീക്ഷണ കാലയളവില്‍ ഇവരെ കൊവിഡ് ബാധിച്ച മറ്റാരെങ്കിലും സന്ദര്‍ശിച്ചിരുന്നോ എന്നതടക്കമുളള കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

ഇവരുമായി സന്പര്‍ക്കം പുലര്‍ത്തിയ മറ്റുളളവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണുളളത്. പരിശോധന ഫലം നെഗറ്റീവ് ആയാലും ഇവരുടെ നീരീക്ഷണം തുടരും. അതേസമയം, കണ്ണൂർ ചെറുവാഞ്ചേരിയില്‍ ഒരേ കുടുംബത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ഈ കുടുംബത്തിലെ യുവതിക്കാണ് ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 15ന് ഷാർജയിൽ നിന്നെത്തിയ  11 വയസുകാരനിൽ നിന്നാണ് 17 അംഗ കൂട്ടുകുടുംബത്തിൽ കൊവിഡ് ബാധയുണ്ടായത്. കുടുംബത്തിൽ കൊവിഡ് ബാധിച്ചവരിൽ   81 വയസുകാരനും 11ഉം 13ഉം വയസുള്ള കുട്ടികളുമുണ്ട്.