മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച നൂറു വയസ്സാകും. വി.എസിന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ ഓര്‍മിക്കുകയാണ് 'വി.എസ് എന്ന നൂറ്റാണ്ട്' എന്ന പ്രത്യേക പരമ്പരയിലൂടെ

വിഎസിന്റെ ജീവിതം രണ്ടു പോരാട്ട കാലങ്ങളാണ്. 1940 മുതൽ 1980 വരെ നീളുന്ന വർഗ്ഗ ശത്രുക്കളുമായുള്ള പോരാട്ടകാലം. 80 മുതൽ ഇത് വരെയുള്ള ഉൾപ്പാർട്ടി പോരാട്ട കാലം. ഇതിൽ ആദ്യത്ത കാലഘട്ടമാണ് വി എസിനെ യഥാ‍ർത്ഥ പോരാളിയാക്കിയത്.

വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി.എസിന് വയസ് നാല്. വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യതയോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വിഎസിന്റെ മനസ്സിലെപ്പോഴുമുണ്ട്. പതിനൊന്നാം വയസ്സിൽ അച്ഛനും കൂടി പോയതോടെ പഠനം അവസാനിച്ചു. അന്ന് തൊട്ട് വിഎസിന് ജീവിതം തന്നെ പോരാട്ടമായി. 

ജൗളിക്കടയിലെയും പിന്നെ ആസ്പിൻ‍വാൾ കയ‍ർ കമ്പനികളിലെയും അരവയറിനായുള്ള അധ്വാനം. 1940ൽ പതിനേഴാം വയസ്സിൽ കൃഷ്ണപിള്ളയുടെ ശുപാർശയിൽ പാർട്ടി അംഗത്വം കിട്ടി. അത് കഴിഞ്ഞൊരുനാൾ സാക്ഷാൽ കൃഷ്ണപിള്ളയുടെ സന്ദേശം കിട്ടി. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ പോകണം. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദൻ അന്നു മുതൽ വി.എസ് എന്ന ചുരുക്കപ്പേരായി. പിന്നീട് കുട്ടനാട്ടിൽ നിന്ന് തിരിച്ചെത്തി ട്രേഡ് യൂണിയൻ സംഘാ‍ടനത്തിൽ മുഴുകി.

പുന്നപ്ര വയലാർ പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. പ്രതിയാക്കപ്പെട്ടു. ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു. 1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ‌ർഷം കഴിഞ്ഞ്. സംസ്ഥാന കമ്മറ്റിയിലെത്തി.

അന്തർദേശീയ കമ്യൂണിസ്റ്റ് ചേരികളോടുള്ള സമീപനം ത‍ർക്കമായി. 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ പിളർപ്പിന്റെ കാഹളം മുഴക്കി വിഎസ് അടക്കം ഏഴ് മലയാളി സഖാക്കൾ ഇറങ്ങിപ്പോന്നു. ടി.വി തോമസിനോട് മൽസരിച്ച് ജയിച്ച് സിപിഎമ്മിന്റെ ആദ്യ ആലപ്പുഴ ജില്ലാ സെക്രട്ട്റിയായ വിഎസ് വൈകാതെ പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായി.

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. ബദൽരേഖാ വിവാദം പാ‍ർട്ടിയെ പിടിച്ചു കുലുക്കിയപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന വിഎസ്, ഇഎംഎസിന്റെ പിന്തുണയോടെ പാ‍ർട്ടിയെ നിയന്ത്രിച്ചു. എംവി രാഘവന്റെ പിന്നാലെയുണ്ടായ കുത്തൊഴുക്ക് തടയാൻ വി.എസ് കേരളം മുഴുവൻ ഓടി നടന്നു. 1991ൽ മുഖ്യമന്ത്രിയാകാൻ തിടുക്കപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങിയെന്ന് പാർട്ടിക്കത്ത് നിന്ന് പഴി കേട്ടു. വിഭാഗീയതയുടെ വക്താവെന്ന പഴിയും കേട്ടു. പിന്നീട് വിഎസിന്റെ പാർട്ടിയിലെ പിടി പതിയെ അയഞ്ഞു.

സമവാക്യങ്ങൾ മാറിയപ്പോൾ വിഎസിന്റെ ശരികൾ മറ്റുള്ളവർക്ക് തെറ്റായി. പാർട്ടിയുടെ നാല് പതിറ്റാണ്ട് ഔദ്യോഗിക ചേരിയായിരുന്നു വിഎസ്. പക്ഷേ പിന്നിട് പലർക്കും വിഎസ് വിമത ശബ്ദമായി. ഒരു കാലത്തു പാർട്ടി ലൈനിൽ ഉറച്ച് നിന്ന വിട്ടു വീഴ്ചയില്ലാത്ത കർക്കശക്കാരാനായിരുന്നു വിഎസ്. ധനികരുടെ വേദികളിൽ പോകുന്നത് പോലും വിലക്കപ്പെട്ട തൊഴിലാളിവർഗ്ഗ നയക്കാരൻ. 

അധികാരം ദുഷിപ്പിക്കാത്ത അവസാനത്തെ കമ്യൂണിസ്റ്റെന്ന് വിഎസിനെ ചിലർ വിശേഷിപ്പികുന്നതും ഇത് കൊണ്ട് തന്നെ. മുതലാളിമാരോടും ജന്മിമാരോടും പൊരുതിയ വിഎസ് പിന്നീട് പാർട്ടിയിലും നടത്തിയത് ആധിപത്യത്തിനെതിരെയുള്ള സമരം.

വീഡിയോ കാണാം...
Watch Video