ഭാവനയും സുനിത വില്യംസും ഒന്നിച്ചുള്ള സന്തോഷം നിറഞ്ഞ ചിത്രവും പ്രധാനമന്ത്രിയുടെ ചടങ്ങിൽ അസംതൃപ്തയായി കാണപ്പെട്ട കൗൺസിലർ ആർ ശ്രീലേഖയുടെ ചിത്രവും- ഒറ്റ അടിക്കുറിപ്പ് നൽകി എഴുത്തുകാരി ശാരദക്കുട്ടി
കൊച്ചി: കഴിഞ്ഞ ദിവസത്തെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ച് ഒരൊറ്റ ക്യാപ്ഷനുമായി എഴുത്തുകാരി ശാരദക്കുട്ടി. കെഎൽഎഫിൽ സുനിത വില്യംസും ഭാവനയും കണ്ടുമുട്ടിയ സന്തോഷം നിറഞ്ഞ ചിത്രവും പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ അസംതൃപ്തയായി നിൽക്കുന്ന ശാസ്തമംഗലം കൌണ്‍സിലർ ആർ ശ്രീലേഖയുടെ ഫോട്ടോയുമാണ് ശാരദക്കുട്ടി പങ്കുവച്ചത്. 'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ' എന്ന ക്യാപ്ഷനാണ് ഇരു ഫോട്ടോകൾക്കുമായി ശാരദക്കുട്ടി നൽകിയത്. അതായത് ജീവിതത്തിൽ സ്വർഗവും (സുഖം) നരകവും (ദുഖം) സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ് എന്നാണ് ഈ വാക്കുകളുടെ അർത്ഥം. മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ വരികളാണിവ.
കുറിപ്പിന്‍റെ പൂർണരൂപം
"രണ്ടു ചിത്രങ്ങൾ.
ഒന്ന്: അതിരുകൾ അതിലംഘിച്ച് നേടിയ വിജയത്തിൻ്റെ സംതൃപ്തിയും ആത്മവിശ്വാസവും
രണ്ടാമത്തേത് അസംതൃപ്തയുടെ അസഹ്യത .
രണ്ടിനും കാപ്ഷൻ ഒന്നു മതി.
"തനിക്കു താനേ പണിവതു നാകം
നരകവുമതുപോലെ"
ചിത്രങ്ങൾ -
1. കെഎൽഎഫിൽ സുനിത വില്യംസും ഭാവനയും കണ്ടുമുട്ടിയ ആഹ്ലാദ പ്രകടനം
2. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആർ ശ്രീലേഖ ഐ പി എസിൻ്റെ ശോകരോഷപ്രകടനം"
മാറി നിന്നതിനെ കുറിച്ച് ശ്രീലേഖയുടെ വിശദീകരണം
പുത്തരിക്കണ്ടം മൈതാനിയിൽ ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക്, വേദിയിലുണ്ടായിരുന്നിട്ടും പോകാതിരുന്നതിൽ വിശദീകരണവുമായി കൗൺസിലർ ആർ ശ്രീലേഖ. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ വിവിഐപി ഡ്യൂട്ടികളിൽ പാലിക്കേണ്ട അച്ചടക്കം മാത്രമാണ് പാലിച്ചതെന്ന് ശ്രീലഖ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം. എപ്പോഴും ബിജെപിക്ക് ഒപ്പമാണെന്നും വ്യക്തമാക്കി.
'പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് ഞാൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം എനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെൻ്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ ഞാൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. ഞാൻ എപ്പോഴും ബിജെപിക്കൊപ്പം'- എന്നാണ് ശ്രീലേഖയുടെ പ്രതികരണം.
