Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍, എസ്ഐ കുഴഞ്ഞുവീണു

 നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്സാക്ഷി മൊഴികള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. 

two police officers arrested in nedumkkandam murder case
Author
Idukki, First Published Jul 3, 2019, 10:30 AM IST

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്‍റണി എന്നിവരെയാണ് അല്‍പസമയം മുന്‍പ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

അതേസമയം അറസ്റ്റ് ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിന് പിന്നാലെ എസ്ഐ സാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തുകയും, രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാളെ കോട്ടയം മെഡി.കോളേജിലേക്ക് കൊണ്ടു പോയി. മറ്റ് ശരീരികാസ്ഥ്യാസ്ഥങ്ങള്‍ ഇല്ലാത്ത പക്ഷം ഇയാളെ ഇന്ന് തന്നെ റിമാന്‍ഡ‍് ചെയ്യും. 

കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും,  എസ്ഐയും സംഘവും കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. 

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.

അതേസമയം കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്‍റെ കുടുംബം. നിലവില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

രാജ്കുമാറിന്‍റെ കസ്റ്റഡി മരണക്കേസില്‍ ദുരൂഹത മാറേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മലയാളം സംസാരിക്കാനറിയാത്ത രാജ്കുമാര്‍ കോലഹാല മേട്ടിലെ ഒരു ലായത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. അങ്ങനെയുള്ള ഒരാളാണ് ഹരിത ഫൈനാന്‍സിഴേസ് എന്ന സ്ഥാപനം വഴി കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്ന് നിക്ഷേപമായി സ്വീകരിക്കുകയും കടന്നുകളയുകയും ചെയ്തെന്ന വാദം കുടുംബം തള്ളിക്കളയുന്നില്ല.

ചിട്ടികമ്പനിയിലേക്ക് എത്തികൊണ്ടിരുന്ന പണം എല്ലാ ദിവസവും രാജ്കുമാര്‍ കാറില്‍ കുമളിയിലേക്ക് കൊണ്ടു പോയി എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സുമം മൊഴി നല്‍കിയിട്ടുണ്ട്. നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ രാജ്കുമാര്‍ എങ്ങോട്ടാണ് മാറ്റിയതെന്ന് ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

വലിയ വിദ്യാഭ്യാസമില്ലാത്ത രാജ്കുമാറിനെ മുന്‍നിര്‍ത്തി മറ്റാരോ ആസൂത്രണം ചെയ്ത സാമ്പത്തിക തട്ടിപ്പാണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. കുമളിയിലേക്ക് രാജ്കുമാര്‍ കടത്തിയ പണം കണ്ടെത്താന്‍ ഇടുക്കി എസ്.പിയും ഡിവൈഎസ്പിയും നെടുങ്കണ്ടം പൊലീസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം നിലവിലുണ്ട്.
 
മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ ഈ സമ്മര്‍ദ്ദമാണ് രാജ്കുമാറിനെ ക്രൂരമായി പിഡീപ്പിക്കുന്നതിന് കാരണമായതെന്ന് കുടുംബം കരുതുന്നു. കഴിഞ്ഞ ആറ് മാസമായി നെടുങ്കണ്ടം കേന്ദ്രീകരിച്ച് ജനങ്ങളില്‍ നിന്നും മൂന്ന് കോടിയോളം രൂപ രാജ്കുമാറിന്‍റെ ഹരിത ഫൈനാന്‍സിഴേസ് പിരിച്ചെടുത്തുവെന്നാണ് കണക്ക്. ഇത്ര വലിയ തുക പിരിച്ചെടുത്തതും കടത്തിയതും രാജ്കുമാര്‍ ഒറ്റയ്ക്കാവില്ലെന്നും ഇതിനെല്ലാം പിന്നില്‍ വേറെ പലരും ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. 

ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നാല് ദിവസം കഴിഞ്ഞ ശേഷമാണ് രാജ്കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ നാല് ദിവസവും കടുത്ത മര്‍ദ്ദനത്തിനാണ് രാജ്കുമാര്‍ ഇരയായത്. ഇക്കാര്യങ്ങളെല്ലാം ഇടുക്കി എസ്പിക്കും ഡിവൈഎസ്പിക്കും അറിയാമായിരുന്നു എന്നിട്ടും ഉന്നത ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. 

അതേസമയം നെടുങ്കണ്ടം കേസില്‍ നിരപരാധികളെ കുടുക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ല നീക്കം നടക്കുന്നതില്‍ ഇടുക്കി പൊലീസില്‍ അമര്‍ഷം ശക്തമാണ്. ജൂണ്‍ ഒന്നിന് രാജ്കുമാര്‍ മരണപ്പെട്ടതിന് പിന്നാലെ നെടുങ്കണ്ടം സ്റ്റേഷനിലെ എല്ലാ പൊലീസുകാരേയും സ്ഥലം മാറ്റിയിരുന്നു. ഇതില്‍ എട്ട് പേരെ പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതില്‍ രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇതുകൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ശിക്ഷാനടപടികള്‍ നേരിട്ട പൊലീസുകാരില്‍ പലര്‍ക്കും കസ്റ്റഡി മരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് സേനയ്ക്കുള്ളില്‍ തന്നെയുള്ള സംസാരം. സ്ഥലംമാറ്റിയ നെടുങ്കണ്ടം സിഐ ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ അവധിയെടുത്ത് കേരളത്തിന് പുറത്തു പോയ  ആളാണ് എന്നത് ഇതിന് ഉദാഹരമായി പറയപ്പെടുന്നു.

മേലധികാരികളെ അറിയിച്ച്  ജൂണ്‍ 2 മുതല്‍ 17 വരെ അവധി എടുത്ത നെടുങ്കണ്ടം സിഐ ഈ ദിവസങ്ങളില്‍ സ്വകാര്യ ആവശ്യവുമായി കേരളത്തിന് പുറത്തായിരുന്നു. ജൂണ്‍ 12-നാണ് രാജ് കുമാറിനെ പൊലീസ് പിടികൂടുന്നത്. നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം 16-ന് മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ അവധിയിലായിരുന്ന നെടുങ്കണ്ടം സിഐ അതിന് അടുത്ത ദിവസമാണ് ഇടുക്കിയില്‍ തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ കസ്റ്റഡി മരണം വാര്‍ത്തയായതിന് പിന്നാലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയപ്പോള്‍ ആദ്യം മാറിയത് സിഐയാണ്. 
 

Follow Us:
Download App:
  • android
  • ios