നടിയെ ആക്രമിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂട്ടർമാരും വിചാരണക്കോടതിയും തമ്മിലുള്ള തർക്കത്തില്‍ രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാര്‍.  

കൊച്ചി: നാടകീയമായ നിരവധി നീക്കങ്ങൾ കണ്ട വിചാരണയായിരുന്നു നടിയെ ആക്രമിച്ച കേസിലേത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പബ്ലിക് പ്രോസിക്യൂട്ടർമാരും വിചാരണക്കോടതിയും തമ്മിലുള്ള തർക്കമാണ്. പ്രോസിക്യൂട്ടർമാരുടെ രാജിയിലേക്ക് വരെ കാര്യങ്ങളെത്തുന്ന തരത്തിലുള്ള തർക്കമായിരുന്നു അത്. വിചാരണക്കോടതിയും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിൽ തർക്കമുണ്ടാകുന്നത് പുതിയ കാര്യമല്ല. എന്നാൽ, കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെക്കുന്നത് അപൂർവമാണ്. രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജിയാണ് നടിയെ ആക്രമിച്ച കേസിൽ ഉണ്ടായത്.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് പലതവണ പരാതിപ്പെട്ടിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇരുപതോളം പ്രതിഭാഗം അഭിഭാഷകർ അതിജീവിതയെ മാനസികമായി പീഡിപ്പിക്കുന്നു, ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും ജഡ്ജി ഹണി എം വർഗീസ് ഇടപെടുന്നില്ല. ഈ കോടതിയിൽ കേസ് തുടർന്നാൽ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതപരമാണ്, പ്രോസിക്യൂഷനെതിരെ നിന്ദ്യമായ പരാമർശങ്ങൾ നടത്തുന്നു, പല രേഖകളും പ്രോസിക്യൂഷന് ലഭിക്കുന്നില്ല ഇങ്ങനെ ഗുരുതരമായ ആരോപണങ്ങൾ നിറഞ്ഞതായിരുന്നു സുരേശന്‍റെ ഹർജി. പക്ഷേ കോടതി മാറ്റം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി നിലപാടെടുത്തു. തുടർ വിചാരണയ്ക്ക് മുൻപ് 2020 നവംബർ 20ന് സുരേശൻ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞു.

പിന്നാലെ വന്ന വി എൻ അനിൽകുമാർ പ്രോസിക്യൂട്ടർ സ്ഥാനത്തുണ്ടായിരുന്നത് ഒരു വർഷവും ഒരു മാസവും. 2021 ഡിസംബർ 29ന് രാജിക്കത്ത് നൽകുമ്പോൾ കാരണം പഴയതുതന്നെയായിരുന്നു. കോടതിയുമായുള്ള അഭിപ്രായ വ്യത്യാസം. ഒരു ഘട്ടത്തിൽ വാദം നടക്കുന്നതിനിടെ അനിൽ കുമാർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു അനിൽ കുമാർ. അംഗീകരിക്കപ്പെടില്ലെന്ന് കണ്ടപ്പോൾ രാജി. 2022 ജൂലൈ 18ന് അതിജീവിതയുടെ കൂടെ ആവശ്യമനുസരിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറെത്തി. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടന്നു. അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. തെളിവു നശിപ്പിച്ചതിന് ഒരാളെക്കൂടി പ്രതി ചേർത്തു. അപൂർവതകൾ കൊണ്ട് ശ്രദ്ധേയമായ കേസിൽ പ്രോസിക്യൂട്ടർമാരുടെ രാജിയും എക്കാലവും ഓർക്കപ്പെടുന്നതാണ്.

YouTube video player