തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് വരവും ചെലവും തമ്മിലുള്ള അന്തരം 500 കോടിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം സാധാരണനിലയിലെത്താത്തത് കെഎസ്ആര്‍ടിസിയെ കടുത്ത് പ്രതിസസന്ധിയിലാക്കി. ഈ സഹാചര്യത്തിലാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ സഹായമായ 2000 കോടി നല്‍കും. ഇതോടെ ഈ സാര്‍ക്കാരിന്‍റെ കാലത്തെ സഹായം 4160 കോടിയാകും. സര്‍ക്കാരിന് കിട്ടാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളും. 3194 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും  വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ അടയ്ക്കാനുള്ള 255 കോടി സര്‍ക്കാര്‍ നല്‍കും. 

ശമ്പള പരിഷ്കരണം വൈകിയതിനാല്‍  ജീവനക്കാര്‍ക്ക് 1500 രൂപ പ്രതിമാസം ഇടക്കാലാശ്വാസം നല്‍കും. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ക്ക്  പുതുതായി രൂപീകരിക്കുന്ന സബ്സിഡിയറി കമ്പനിയില്‍ ജോലി നല്‍കും. പുതിയ പാക്കേജ് തൊഴിലാളി സംഘടനകളും മാനേജ്മെന്‍റുമായി ചര്‍ച്ചനടത്തി ഉടന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയച്ചു. അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുമെന്ന് ഇടതുമുന്നണി പ്രക്ടന പത്രികയില്‍ വാഗാദാനം ചെയ്തിരുന്നു. എന്നാല്‍ പുനരുദ്ധാരണത്തെക്കുറച്ച് പഠിച്ച സുശീല്‍ ഘന്ന റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാനായില്ല. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിത പരിശോധന അടുത്തമാസം അവസാനം നടക്കും. സിഐടിയു അനുകൂല തൊഴിലാളി സംഘടനയ്ക്ക്  നിലിവിലെ പ്രതിസന്ധി വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന് പിന്നിലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.