Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികൾക്കായുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് പുറപ്പെട്ടു; ശനിയാഴ്ച രണ്ട് ട്രെയിനുകൾ

പാറ്റ്നയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളത്ത് നിന്നും വൈകുന്നേരമായിരിക്കും നാളെ പുറപ്പെടുക. 

two train for migrant workers from kochi tomorrow
Author
Kochi, First Published May 1, 2020, 10:06 PM IST

കൊച്ചി: അതിഥി തൊഴിലാളികളുമായി ഒറീസയിലെ ഭുവനേശ്വറിലേക്ക് ആലുവയില്‍ നിന്ന് രാത്രിയോടെ ആദ്യ ട്രെയിന്‍ പുറപ്പെട്ടു. 1148 അതിഥി തൊഴിലാളികളാണ് കേരളത്തിൽ നിന്ന് സ്വദേശത്തിലേക്ക് ഇന്ന് മടങ്ങിയത്. ക്യാമ്പുകളില്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്.

ഏഴുമണിയോടെ ട്രെയിന്‍ പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അതിഥി തൊഴിലാളികളെ ബസുകളിലായി ആലുവയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നതിലാണ് യാത്ര വൈകിയത്. സ്വദേശത്തേക്ക് മടങ്ങാനായി നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്യാനെത്തിയത്. എന്നാല്‍ 1148 പേരെ മാത്രം കൊണ്ടുപോകാന്‍ കഴിയു എന്നതിനാല്‍ കുറെപേരെ തിരികെ താമസസ്ഥലത്തേക്ക് അയച്ചു.

അതേസമയം അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് പോകുന്നതിനായി നാളെ രണ്ട് ട്രെയിനുകൾ എറണാകുളത്ത് നിന്ന് പുറപ്പെടുമെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. ബിഹാറിലേക്കും ഒഡീഷയിലേക്കുമാണ് അതിഥി തൊഴിലാളികളുമായി ട്രെയിനുകൾ പോവുക. പാറ്റ്നയിലേക്കുള്ള ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളത്ത് നിന്നും വൈകുന്നേരമായിരിക്കും നാളെ പുറപ്പെടുക.

ക്യാമ്പുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാനും യാത്രയാക്കാനും വലിയ ക്രമീകരണങ്ങളാണ് പൊലീസ് ഇന്ന് ഒരുക്കിയിരുന്നത്. പെരുമ്പാവൂരില്‍ നിന്ന് ബസുകളിലാണ് ആലുവയിലേക്ക് തൊഴിലാളികളെ എത്തിച്ചത്. സാമൂഹ്യ അകലം കൃത്യമായി പാലിച്ച് ഒരു ബോഗിയില്‍ 60 പേരെന്ന നിലയിലായിരുന്നു ക്രമീകരണം. മരുന്നുകള്‍, ഭക്ഷണം, വെള്ളം തുടങ്ങിയവ ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 34 മണിക്കൂറുകള്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് ഭുവനേശ്വറില്‍ എത്തും.

ആളുകള്‍ക്ക് ഇടയില്‍ ഇറങ്ങാന്‍ അവസരമുണ്ടാവില്ല. സിആര്‍പിഎഫിന്‍റെയും ആര്‍പിഎഫിന്‍റെയും പൊലീസിന്‍റെയും ആളുകള്‍ ട്രെയിനിലുണ്ടാവും. ആസാം, ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളും മടങ്ങണമെന്ന ആവശ്യവുമായി ഇടയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കുള്ള ട്രെയിന്‍ അടുത്തുള്ള ദിവസങ്ങളില്‍ എത്തുമെന്ന് അറിയിച്ച് ഇവരെ മടക്കി അയക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios