ജില്ലയില്‍ ഏഴു പേര്‍ നിരീക്ഷണത്തിലുണ്ട്. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്നലെ ലഭിച്ച ഒരാളുടെ സ്രവ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ട് പേരുടെ ഫലം ലഭിക്കാനുണ്ട്

കോഴിക്കോട്: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പുതുതായി ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീക്ഷണത്തില്‍. ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരെ നിരീക്ഷിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളയാളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയില്‍ ഏഴു പേര്‍ നിരീക്ഷണത്തിലുണ്ട്. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്നലെ ലഭിച്ച ഒരാളുടെ സ്രവ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ട് പേരുടെ ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവ് ആണ്. കൊവിഡ് 19 സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കി. 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് കർശനമായി പരിശോധിക്കുന്നത്. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ സിങ് ആവശ്യപ്പെട്ടു. 

കൊറോണ ബാധ സംശയിക്കുന്ന 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.