Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍; കര്‍ണാടകം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 
 

Two weeks quarantine for students from Kerala Karnataka tightens covid restrictions
Author
Bengaluru, First Published Nov 27, 2021, 8:59 PM IST

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് (covid 19) പരിശോധന കർശനമാക്കി കർണാടകം (Karnataka). കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  ഒമ്രികോൺ വകഭേദം കർണാടകയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ചു. ബെംഗളൂരുവിലെത്തിയ ആഫ്രിക്കൻ സ്വദേശികൾക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  ഒമ്രികോൺ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

അതേസമയം കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ദക്ഷിണാഫ്രിക്കയിലെയും  യൂറോപ്പിലെയും ഒമിക്രോണ്‍ വകഭേദത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍  അടുത്ത 15 മുതല്‍  വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കേ സാഹചര്യം പരിഗണിച്ച് മാത്രം തീരുമാനം മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി മുന്‍പോട്ട് വച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. 

വിദേശരാജ്യങ്ങളില്‍  നിന്നെത്തുന്ന യാത്രാക്കാരുടെ പരിശോധനയും നിരീക്ഷണവും കര്‍ശനമായി തുടരണമെന്നും രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങള്‍ കൂടുതതല്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി കുട്ടികള്‍ക്കടക്കം  ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചു. വാക്സിനേഷന്‍റെ രണ്ടാം ഡോസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം.  മരുന്നുകളുടെ സ്റ്റോക്ക്, ഓക്സിജന്‍ ലഭ്യത, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

Follow Us:
Download App:
  • android
  • ios