ബിഹാറിലെ പാറ്റ്നയിലുള്ള നൗബത്പൂർ പ്രദേശത്ത് ഗാന-നൃത്തസംഘത്തിലെ രണ്ട് സ്ത്രീകളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

പാറ്റ്ന: ബിഹാറിലെ പാറ്റ്നയിലുള്ള നൗബത്പൂർ പ്രദേശത്ത് ഗാന-നൃത്തസംഘത്തിലെ രണ്ട് സ്ത്രീകളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ 13 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ജൂൺ 18-നാണ് സംഭവം നടന്നത്. ജാർഖണ്ഡിലെ ലാത്തേഹാർ സ്വദേശികളായ ഇവർ പട്നയിലെ മിഥാപ്പൂർ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പരസ്പരം ബന്ധുക്കളായ ഇവരെ നൗബത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു തിലക് ചടങ്ങിൽ അവതരിപ്പിക്കുന്നതിനായാണ് പ്രതികൾ വിളിച്ചുവരുത്തിയത്. മുന്ന കുമാർ എന്നയാളാണ് ഇവരെ ചടങ്ങിനായി ബുക്ക് ചെയ്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ, ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പ്രതികൾ ഇവരെ വിജനമായ ഒരു സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് എഫ്.ഐ.ആറിൽ പറയുന്നു. തുടർന്ന് ഇവരെ വെവ്വേറെ സ്ഥലങ്ങളിൽ തടവിലാക്കി രാത്രി മുഴുവൻ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തടയാൻ ശ്രമിച്ച തങ്ങളെ പ്രതികൾ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരകൾ വ്യക്തമാക്കി. പിറ്റേന്ന് രാവിലെ ഇവരെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, വാഹനം ഫുൽവാരി ഷെരീഫ് പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ സ്ത്രീകൾ ബഹളം വെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഡയൽ-112 വഴി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്നുതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് കൂടുതൽ അന്വേഷണത്തിനായി കേസ് നൗബത്പൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ പ്രതികളായ മുന്ന കുമാർ, സൂരജ് കുമാർ, ഭാനു കുമാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും ഫുൽവാരി ഷെരീഫ് എസ്.ഡി.പി.ഒ ദീപക് കുമാർ അറിയിച്ചു.

YouTube video player