കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. കാസർകോട് എസ്പി ഡി.ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് ചുമതല ഏൽപിക്കുന്നത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് ഈ തീരുമാനം എന്നാണ് സൂചന. 

പാലത്തായി പീഡനക്കേസ് വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ അഴിച്ചുപണിയുന്നത്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയും, കണ്ണൂർ നാർകോടിക് സെല്ലിന്റെ ചുമതലയുള്ള  രേഷ്മ രമേഷ് ഐപിഎസും കൂടി എത്തുന്നതോടെ വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നടപ്പാവുകയാണ്. 

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തലശ്ശേരി അഡീഷണൽ ജില്ലാ സെൽൻസ് കോടതി അംഗീകരിച്ചിരുന്നു. കുട്ടിയുടെ മൊഴി  ഓഡിയോ ആയും വീഡിയോ ആയും റെക്കോർഡ് ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്. തുടരന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥർ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പ്രതിക്കെതിരെ പോക്സോ ചുമത്തണമോ എന്നകാര്യത്തിൽ ഈ മൊഴി നിർണ്ണായകമാകും. 

കുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും പ്രതി കുട്ടിയെ പീഡിപ്പിച്ചോ എന്ന കാര്യം ഉറപ്പാക്കുന്ന തെളിവുകളൊന്നും ഇപ്പോഴില്ലെന്നും ഐജി ശ്രീജിത്ത് ഒരാളോട് ഫോണിൽ സംസാരിക്കുന്നതിന്റെ റെക്കോർഡ് പുറത്തുവന്നിരുന്നു. കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് നിയമലംഘനമാണെന്നും  ഐജി ശ്രീജിത്തിനെ കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. 

കേസിൽ  പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ കുടുംബം ഹർജിയും നൽകി. ഇതിനിടെ കേസിൽ കുട്ടിയുടെ കുടുംബത്തെ വഴിതെറ്റിക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നു എന്ന ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തി.