തൃശ്ശൂർ: വിയ്യൂർ വനിതാ ജയിലിൽ യുഎപിഎ ശിക്ഷാതടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എൻ.ഐ.എ കോടതി ശിക്ഷിച്ച യു.എ.പി.എ കേസിലെ തടവുകാരി ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

ആദ്യം കൈഞരമ്പ് മുറിച്ചും പിന്നീട് തുണി കഴുകാൻ ഉപയോഗിക്കുന്ന രാസദ്രാവകം കുടിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തി എൻ.ഐ.എ ഏറ്റെടുത്ത കേസിൽ ഏഴ് വർഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ് ഇവർ.  2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.