കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ മാപ്പ് സാക്ഷിയാകാനില്ലെന്ന് മുഖ്യപ്രതി അലൻ ഷുഹൈബ്. എൻഐഎ മാപ്പുസാക്ഷിയാക്കാമെന്ന് ഓഫർ നൽകിയിട്ടുണ്ട്. അത് സ്വീകരിക്കില്ല. അസുഖം ബാധിച്ച ബന്ധുവിനെ കാണാനായി പരോളിൽ പന്നിയങ്കര എത്തിച്ചപ്പോഴാണ് അലന്‍റെ പ്രതികരണം. രാവിലെ പത്തരയ്ക്ക് എത്തിച്ച അലനെ ഉച്ചയ്ക്ക് ഒന്നരയോടെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുപോയി.

മാപ്പുസാക്ഷിയാകാൻ സമ്മർദ്ദമുണ്ടെന്ന് അലൻ നേരത്തെ കോടതിയിലും പറഞ്ഞിരുന്നു. കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്.

Also Read: പന്തീരങ്കാവ് യുഎപിഎ കേസ്: മാപ്പ് സാക്ഷിയാകാൻ സമ്മർദ്ദമെന്ന് അലൻ ഷുഹൈബ്

ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു.

കേസില്‍ എന്‍ ഐ എ സമർപ്പിച്ച കുറ്റപത്രത്തില്‍ അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്ന് പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്ക് വേണ്ടി മൂവരും രഹസ്യയോഗങ്ങള്‍ സംഘടിപ്പിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.