കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് യുഎപിഎ കേസിൽ പി ജയരാജന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അലൻ ഷുഹൈബിന്റെ അമ്മ സബിത രംഗത്ത്. അലന്റെ രാഷ്ട്രീയത്തിന് ജയരാജന്റെ സർട്ടിഫിക്കറ്റ് നൽകേണ്ടെന്ന് സബിത ശേഖർ പ്രതികരിച്ചു. ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎമ്മിന്  രണ്ട് സ്വഭാവമാണെന്നും പി ജയരാജന്റെ പ്രതികരണത്തെ ഗൗനിക്കുന്നില്ലെന്നും സബിത പറഞ്ഞു.

അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായി പ്രവർത്തിച്ചിട്ടില്ലെന്ന് സബിതപറഞ്ഞു. സിപിഎം ലേബൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും എസ്എഫ്ഐ പ്രവർത്തനത്തിനിടയിലും ഇത്തരം ഇടപെടലുണ്ടായെന്നുമുള്ള പി ജയരാജന്റെ ആരോപണത്തിനെതിരായാണ് സബിത ഇക്കാര്യങ്ങൾ പറഞ്ഞത്.

"അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല.  പാലയാട് കാമ്പസിലും അവൻ സജീവ എസ്എഫ്ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക?" എന്ന് സബിത ചോദിച്ചു.  ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും സബിത വിമർശിച്ചു.

എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവന. "എസ്എഫ്ഐയ്ക്കകത്ത്  മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ്  എൻഐഎ  ഏറ്റെടുത്തത് വെറുതെ അല്ലെ"ന്നും പി ജയരാജൻ പറഞ്ഞിരുന്നു.