തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണിത്ര പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്താണ് അലനും താഹയും ചെയ്ത കുറ്റമെന്ന് ആരും പറയുന്നില്ല. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാൻ  മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കർ യുവാക്കളുടെ വീട് സന്ദർശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അമിത് ഷായുടെ കാലു പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന പിണറായി വിജയന്‍റെ ചോദ്യത്തിന് ഗവർണറുടെ കാലു പിടുക്കുന്നതിനെക്കാൾ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ദില്ലിയിൽ പോയപ്പോൾ പിണറായി വിജയൻ  അമിത് ഷായ്ക്ക് പൂച്ചെണ്ട് കൊടുത്തില്ലേ എന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയിൽ സംസാരിക്കുന്നത് മോദിയോ പിണറായോ എന്ന് പോലും സംശയം തോന്നുകയാണെന്നും, അതോ ഞാനിനി പാര്‍ലമെന്‍റിലാണോ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ വിമര്‍ശനവും പരിഹാസവും. പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് പിണറായി വിശദീകരിച്ചു. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം അല്ല. സമാന വിഷയത്തിൽ നേരത്തെ വിശദീകരണം നിയമസഭയിൽ നൽകിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: പന്തീരാങ്കാവ് യുഎപിഎ കേസിൽ പിണറായി; കേസ് എൻഐഎ ഏറ്റെടുത്തത് സര്‍ക്കാര്‍ പരിശോധിക്കും മുമ്പ്...