തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹര്‍ജി നല്‍കിയാല്‍, ആവശ്യം പരിഗണിക്കാമെന്ന് കോടതി എൻഐഎ അഭിഭാഷകനോട് പറഞ്ഞു.

കേസിൽ അലനെയും താഹയെയും 14 ദിവസം വരെ റിമാന്റ് ചെയ്തു. ഇവരെ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ആറ് ദിവസത്തെ എൻഐഎ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് ശേഷം കോടതിയിൽ പാര്‍പ്പിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

അലനെയും താഹയെയും മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുന്ന പിണറായി വിജയൻ, ഇവര്‍ ചെയ്ത തെറ്റ് എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തിലാണ് ഈ വിമര്‍ശനം.