മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തത് സിപിഎം-ബിജെപി ഒത്തുതീർപ്പാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.  

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചിട്ടും ഇഡി തുടർനടപടി എടുക്കാത്തത് സെറ്റിൽമെന്റെന്ന് യുഡിഎഫ് ആക്ഷേപം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിൻറെ ഭാഗമായെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. സമൻസിൽ മുഖ്യമന്ത്രിയോ മകനോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

വിവേക് കിരണിന് ഇഡി അയച്ച സമൻസ് മുഖ്യമന്ത്രിക്കെതിരെ തിരിക്കുകയാണ് പ്രതിപക്ഷം. സിപിഎം-ബിജെപി സെറ്റിൽമെൻറിൻറെ തെളിവായാണ് സമൻസിലെ തുടർനടപടി നിലച്ചത് എന്നാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. പൂരം കലക്കൽ, തൃശൂരിലെ ബിജെപി ജയം മുതൽ മുഖ്യമന്ത്രി അമിത് ഷാ കൂടിക്കാഴ്ച വരെ ഡീലിൻറെ ഭാഗമെന്നാണ് യുഡിഎഫ് ആക്ഷേപം.

സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ കേസുകൾ ഉന്നതരിലേക്കെത്താത്തത് ബിജെപിയുടെയും കൈ പൊള്ളിച്ചിരുന്നത്. സമൻസിലെ ഡീൽ ആരോപണത്തിൽ വീണ്ടും ബിജെപി പ്രതിരോധത്തിലായി. 

സമൻസിലെ തുടർ നടപടി നിലച്ചതാണ് സിപിഎമ്മിൻറെയും പ്രതിരോധം. കഴമ്പുള്ള കേസെങ്കിൽ ഇഡി വെറുതെ ഇരിക്കുമായിരുന്നോ എന്നാണ് സിപിഎം ചോദ്യം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസിൽ സിപിഎം വലിയ പ്രതിരോധമാണ് തീർത്തിരുന്നത്. സമാന രീതിയിൽ മകന് വേണ്ടിയും മന്ത്രിമാരടക്കം രംഗത്ത് വരുന്നു. സമൻസിൻറെ പകർപ്പ് ഇപ്പോൾ പുറത്ത് വന്നത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിക്കുന്നു. വിവാദം ചൂട് പിടിക്കുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണ്. വിവേക് കിരണും പ്രതികരിച്ചിട്ടില്ല.

ഹാജരാകാൻ ആവശ്യപ്പെട്ടത് 2023 ഫെബ്രുവരി 14ന്

2023 ഫെബ്രുവരി 14ന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൻറെ വിലാസത്തിലായിരുന്നു നോട്ടീസ്. ഈ ദിവസം തന്നെയായിരുന്നു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും കത്തിനിൽക്കുമ്പോൾ അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീങ്ങുമന്ന അഭ്യൂഹമുണ്ടായിരുന്നു. അതിൻറ ഭാഗമാണ് നോട്ടീസ് എന്നാണ് സൂചന. പക്ഷെ വിവേക് ഹാജരായില്ല. വിവേകിൻറെ മൊഴി എടുക്കാതെ കേസിൽ ശിവശങ്കർ അടക്കം 11 പ്രതികളെ ചേർത്ത് ഇഡി കുറ്റപത്രം നൽകി. അപ്പോഴും മുഖ്യമന്ത്രിയുടെ മകനെ എന്തിന് വിളിപ്പിച്ചു. ഹാജരാകാതിരിന്നിട്ടും പിന്നീട് എന്ത് കൊണ്ട് സമൻസ് നൽകിയില്ല, അന്ന് സമൻസിൻറെ വിവരം പുറത്ത് വരാത്തതിന് കാരണമെന്ത്. അങ്ങിനെ സംശയങ്ങൾ ഒരുപാടുണ്ട്. വിവേകിൻറെ പങ്കിന് വേണ്ടത്ര തെളിവില്ലാത്തത് കൊണ്ടാണ് പിന്നീട് വിളിപ്പിക്കാത്തതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം.