കേരളത്തിന്റെ വർദ്ധിച്ചുവരുന്ന പൊതുകടം സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് യുഡിഎഫ്. ഇത് വികസന പ്രവർത്തനങ്ങളെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും തടസ്സപ്പെടുത്തുന്നതിനാൽ യുവജനങ്ങളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുവെന്ന് ആരോപണം.

കേരളത്തിന്റെ പൊതുകടം വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്. പുതിയ ചില കണക്കുകള്‍ പുറത്തു വന്നതോടെ അത്ര നിസ്സാരമല്ല ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ധനക്കമ്മി ജിഎസ്ഡിപിയുടെ 3.4 ശതമാനമായ 44,529 കോടിയായെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിന് ഇത് തടസ്സമാകുന്നു എന്നും യുഡിഎഫ് വ്യക്തമാക്കുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍, ഇവിടേക്കെത്തുന്ന വരുമാനക്കുറവ് നികത്താന്‍ തുടര്‍ച്ചയായി കടം വാങ്ങേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിലൂടെ അടിസ്ഥാനപരമായ ചെലവുകള്‍ നിറവേറ്റാന്‍ സാധിക്കുന്നുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനവിനിയോഗം കുറയുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ സൃഷ്ടിക്ക് ആവശ്യമായ വലിയ പ്രോജക്ടുകള്‍ എന്നിവ വൈകുകയോ നിര്‍ത്തിവയ്ക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും യുഡിഎഫ് അഭിപ്രായപ്പെടുന്നു. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയിലും ഇത് പ്രതിഫലിച്ചേക്കുമെന്നാണ് യുഡിഎഫ് ആരോപണം.

ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം സ്വാഭാവികമായി നടക്കേണ്ട കാര്യമാണ് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍. നിലവിലെ അവസ്ഥയില്‍ സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും കടബാധ്യതകള്‍ നിയന്ത്രിക്കുന്നതിലേക്കാണ് പോവുന്നത്. ഇത് യുവാക്കളുടെ തൊഴില്‍ പ്രതീക്ഷകള്‍ മങ്ങാനിടയാക്കുകയാണ്. കടം നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഭീഷണിയാകുമെന്നും, തൊഴില്‍ ഉണ്ടാക്കുന്നതില്‍ വലിയ ഇടിവിന് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ധനകാര്യ നിയന്ത്രണവും, ഉല്‍പ്പാദനക്ഷമമായ നിക്ഷേപവും, സ്വകാര്യ മേഖലയെ ആകര്‍ഷിക്കുന്ന നയങ്ങളും അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കില്‍ യുവജനങ്ങളുടെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നതാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.