Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ കാർഷിക ആത്മഹത്യ: ഹർത്താലിന് അനുമതി തേടി യുഡിഎഫ്

യുഡിഎഫ് ജില്ലാഭരണകൂടത്തിന് നോട്ടീസ് നൽകി. മാർച്ച് ഒൻപതിന് ഹർത്താൽ നടത്താന്‍ അനുവദിക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. ഇടുക്കിയിലെ കാർഷിക ആത്മഹത്യകൾ ചെറുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

udf approached to district administration for permission to harthal on 9th march
Author
Idukki, First Published Mar 3, 2019, 8:37 AM IST

ഇടുക്കി: ഇടുക്കിയിൽ ഹർത്താലിന് അനുമതി തേടി കോൺഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചു. കർഷക ആത്മഹത്യകൾ തടയുന്നതിൽ സർക്കാർ പരാജയമെന്ന് ആരോപിച്ച് മാർച്ച് ഒൻപതിന് ഹർത്താൻ നടത്താനാണ് യുഡിഎഫിന്‍റെ നീക്കം. ഹൈക്കോടതി മിന്നൽ ഹർത്താൽ നിരോധിച്ച ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി അനുമതി നേടി കൊണ്ട് ഹർത്താൽ നടത്താനൊരുങ്ങുന്നത്.

രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയിൽ മൂന്ന് ക‍ർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയവും ഇതേത്തുടർന്നുള്ള കാലാവസ്ഥ വ്യതിയാനവും നിമിത്തം ഹൈറേഞ്ചിൽ കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാൽ കർഷകരെ സഹായിക്കാനും കാർഷിക കടങ്ങൾ എടുതിത്തള്ളാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുഡിഎഫിന്‍റെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ലാ ഹർത്താലിന് ഒരുങ്ങുന്നത്.

കഴിഞ്ഞ ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നൽ ഹർത്താൽ നിരോധിച്ചത്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും വ്യക്തമാക്കി. ഇതിന് ശേഷം പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 18ന് യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നടത്തിയിരുന്നു. കോടതിയലക്ഷ്യ നടപടിയിൽ മിന്നൽ ഹർത്താലിലെ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഹർത്താലിന് മുൻകൂർ അനുമതി തേടി കോൺഗ്രസ് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഹർത്താൽ നോട്ടീസ്, കളക്ടർ സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

Also Read: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ; അടിമാലി സ്വദേശി ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണി മൂലം

Follow Us:
Download App:
  • android
  • ios