തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് ന​ഗരത്തിൽ അനുഭവപ്പെടുന്നത്. സെക്രട്ടറിയറ്റിലെ കൻഡോൺമെന്റ് ​ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ​ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തുകയാണ്. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചതിനാൽ ന​ഗരം മുഴുവൻ ​ഗതാ​ഗതക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.

ന​ഗരത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലേക്ക് കാൽനടയാത്രകാരെ പോലും കടത്തിവിടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സെക്രട്ടേറിയറ്റ് ജീവനക്കാരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ്  കടത്തിവിടുന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുവിടാൻ പോകുന്നവരെ പോലും സെക്രട്ടേറിയറ്റ് പരിസരത്ത് കടത്തിവിടുന്നില്ല.

സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങൾ തട‌ഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയത്.  അതേസമയം, ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ് ജനങ്ങൾ. കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന ന​ഗരിയിൽ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് ജനങ്ങള്‍ പറയുന്നു.