Asianet News Malayalam

ഭരണമാറ്റമോ... ഭരണ തുടർച്ചയോ?

Marketing Feature:വലിയ അസ്വാരസ്യങ്ങളില്ലാതെ, വൻ ജനപിന്തുണയിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കഴിയുന്നത് യുഡിഎഫിന് മുൻപെങ്ങുമില്ലാത്ത വിധത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നല്ല മുൻതൂക്കം നൽകുന്നുണ്ട്

UDF campaign marketing feature
Author
Thiruvananthapuram, First Published Mar 29, 2021, 11:48 AM IST
  • Facebook
  • Twitter
  • Whatsapp

തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് പോരാട്ട ചൂടിലേയ്ക്കെത്തുമ്പോൾ ഭരണമാറ്റമാണോ ഭരണതുടർച്ചയാണോ കേരളത്തിന് വേണ്ടത് എന്ന ചർച്ചകൾ സജീവമാകുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്ര പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായതിന്റെ ആത്മവിശ്വാസമാണ് യുഡിഎഫിൻ്റെ കൈമുതൽ. കോൺഗ്രസിലോ മുന്നണിയിലോ വലിയ അസ്വാരസ്യങ്ങളില്ലാതെ, വൻ ജനപിന്തുണയിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കഴിയുന്നത് യുഡിഎഫിന് മുൻപെങ്ങുമില്ലാത്ത വിധത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നല്ല മുൻതൂക്കം നൽകുന്നുണ്ട്.

ഭരണ തുടർച്ച  ഉറപ്പാണ് എന്ന രീതിയിൽ പ്രചരണം മുന്നോട്ട് കൊണ്ടു പോകുന്ന എൽഡിഎഫ് ക്യാമ്പും തികഞ്ഞ പ്രതീക്ഷയിലാണ്. സൗജന്യ ഭക്ഷ്യ കിറ്റ് പോലുള്ള ജനപ്രിയ പരിപാടികൾക്ക് തുടക്കം കുറിച്ചത് എൽഡിഎഫിന് നേട്ടമാവുമെന്നവർ കരുതുന്നു. എന്നാൽ ഈ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ ശ്രദ്ധേയമായ ഒരു വികസന പദ്ധതിയോ എടുത്ത് പറയാവുന്ന ഒരു സംരംഭമോ കൊണ്ടുവരാൻ കഴിയാത്തത് എൽഡിഎഫ് ഭരണത്തിൻ്റെ ന്യൂനതയായി കണക്കാക്കപ്പെടും.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അസംഖ്യം വിവാദങ്ങളിൽ പെട്ടതും ഇടതുമുന്നണിക്ക് ഈ തെരഞ്ഞെടുപ്പിൽ
തിരിച്ചടിയാവും. ഇടതുമുന്നണി അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ പുറത്തുവന്ന ബന്ധുനിയമനത്തിൽ തുടങ്ങിയ വിവാദങ്ങളുടെ ഘോഷയാത്ര ഭരണ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള
ആഴക്കടൽ കരാർ വരെ നീണ്ടു കിടക്കുന്നു.

പല വിവാദ വിഷയങ്ങളിലും ആരോപണങ്ങളിലും കഴമ്പുണ്ട്  എന്ന് സമ്മതിച്ച് വിവാദ ഇടപാടുകൾ റദ്ദ് ചെയ്യേണ്ടി വന്നത് ഭരണമുന്നണിയെ പലപ്പോഴും സംശയത്തിൻ്റെ നിഴലിൽ നിർത്തി.

പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവം പി എസ് സിയുടെ മാത്രമല്ല, ഇടത് സർക്കാരിൻ്റെയും വിശ്വാസ്യതയും നഷ്ടപ്പെടുത്തി. ഈ കേസിൽ എസ്.എഫ്. ഐ ക്കാരായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനായി കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒത്തുകളിച്ചതും സർക്കാരിനോടുള്ള ജനങ്ങളുടെ മമത കുറയാൻ കാരണമായിരുന്നു.

പിൻവാതിൽ നിയമനത്തിലൂടെ 3 ലക്ഷം പേരെയാണു ഇടതു സർക്കാരുകൾ അനധികൃതമായി സർക്കാർ ജോലികളിൽ തിരുകിക്കയറ്റിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കൃത്യമായ മറുപടി നൽകാൻ കഴിയാത്തതും ജനങ്ങൾക്ക്  ഇടത് ഭരണത്തോടുള്ള താൽപര്യം കുറയാൻ കാരണമായി. യുഡിഎഫ് മന്ത്രിസഭയുടെ കാലത്തു താൽക്കാലികമായി നിയമിച്ചവരെയാണ് ഈ സർക്കാർ സ്ഥിരപ്പെടുത്തിയതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കളവാണെന്ന് തെളിഞ്ഞതും അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്  നിയമിച്ച സിപിഎമ്മുകാർക്കാണ് ഈ സർക്കാർ സ്ഥിരനിയമനം നൽകിയതെന്ന് വെളിപ്പെട്ടതും പിണറായി സർക്കാരിനെ ഉത്തരമില്ലാതാക്കി.

മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും നിലനിൽപും ഇല്ലായ്മ ചെയ്ത് മത്സ്യബന്ധനമേഖല കുത്തകകൾക്കു വിൽക്കാനുള്ള നീക്കം  ഭരണത്തിനെരെയൊരു വികാരം തീരദേശത്തുണ്ടാക്കിയതും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കും.

ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് അമേരിക്കയിലെ പ്രമുഖ മാധ്യമമായ വൈസ് മീഡിയയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ ഉദയകുമാര്‍ കേസ് ഉള്‍പ്പെടെ കേരളത്തിൽ പെരുകുന്ന പോലീസുകാര്‍ ഉള്‍പ്പെട്ടെ കസ്റ്റഡി മരണങ്ങള്‍ പരാമര്‍ശമായത് കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ഇതും എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ട്.

സിപിഎം വിചാരിച്ചാൽ കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് അക്രമ രാഷ്ട്രീയത്തിലൂടെ ഇതുവരെ 30 കൊലപാതകങ്ങൾ  നടന്നുവെന്നുമുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വാക്കുകൾ മുഖ്യമന്ത്രി കേട്ടില്ല എന്ന് നടിച്ചതും കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥക്ക് രക്തത്തിൻ്റെ മണം നൽകാതിരിക്കാനാവില്ല എന്ന സന്ദേശമാണ് നൽകിയത്.

തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ വലതും ഇടതും തമ്മിലുള്ള മത്സരം മാത്രമായി ചുരുങ്ങുകയാണ്. എൻഡിഎ മുന്നണി ഈ മത്സര ചിത്രത്തിലെവിടെയുമില്ലായെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. എന്തായാലും കേരളം ആർക്കൊപ്പമാണെന്നറിയാൻ മേയ് 2 വരെ കാത്തിരിക്കേണ്ടി വരും.

Follow Us:
Download App:
  • android
  • ios