2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് 29,143 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആലുവ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന് വിജയം. 29143 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അൻവർ സാദത്ത് വിജയിച്ചത്. അൻവർ സാദത്തിന് 83899 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി 54756 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ബ്രഹ്മരാജ് 18732 വോട്ടുകളും നേടി.
വാശിയേറിയ മത്സരമാണ് ഇത്തവണ ആലുവ നിയോജക മണ്ഡലത്തില്‍ നടന്നത്. യുഡിഎഫിന്‍റെ കോട്ടയായ ആലുവയിൽ ഇത്തവണ ഇടത് വിജയം ഊട്ടിയുറപ്പിക്കാൻ അടവുകളെല്ലാം എൽഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കി. സർക്കാരിന്‍റെ വികസനവും എ.എം ആരിഫിന്റെ വ്യക്തി പ്രഭാവവും വോട്ടാക്കിമാറ്റാനായിരുന്നു ലക്ഷ്യം. 2011 മുതൽ അൻവർ സാദത്ത് തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011-ലെ തെരഞ്ഞെടുപ്പിൽ അൻവർ സാദത്ത് 64,244 വോട്ടുകൾ നേടി ആദ്യമായി നിയമസഭയിലെത്തി. എൽഡിഎഫ് സ്ഥാനാർഥി എ.എം. യൂസഫിന് 51,030 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപിക്ക് 8,264 വോട്ടുകളുമാണ് ലഭിച്ചത്.
2016-ൽ അൻവർ സാദത്ത് തന്‍റെ ഭൂരിപക്ഷം വർധിപ്പിച്ചു. 69,568 വോട്ടുകൾ നേടിയ അദേഹത്തിന് മുന്നിൽ എൽഡിഎഫിന്‍റെ വി. സലീമിന് (50,733 വോട്ടുകൾ) പിടിച്ചുനിൽക്കാനായില്ല. എൻഡിഎ സ്ഥാനാർഥി ലത ഗംഗാധരൻ 19,349 വോട്ടുകൾ നേടി. 2021-ലും ആലുവ അൻവർ സാദത്തിനൊപ്പം തന്നെ നിന്നു. 73,703 വോട്ടുകൾ നേടിയാണ് അദേഹം ഹാട്രിക് പൂർത്തിയാക്കിയത്. എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. ഷെൽന നിഷാദിന് 54,817 വോട്ടുകൾ ലഭിച്ചു. 18,886 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് അൻവർ സാദത്ത് നേടിയത്. എൻഡിഎ സ്ഥാനാർഥി എം.എൻ. ഗോപി 15,893 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ആലുവ മുനിസിപ്പാലിറ്റിയും ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്‌മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ആലുവ മണ്ഡലം. നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിർമ്മാർജ്ജനം എന്നിവയായിരുന്നു ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ.





