പത്തനംത്തിട്ട: നടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തോൽവി. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എം ആര്‍. മധുവാണ് വാര്‍ഡില്‍ വിജയിച്ചത്. 411 വോട്ടുകള്‍ നേടിയ മധു 11 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തിലായിരുന്നു അനുശ്രീ പങ്കെടുത്തിരുന്നത്. അനുശ്രീ പരസ്യ പ്രചാരണത്തിന് എത്തിയതോടെ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം കൈവരിക്കാൻ സാധിക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. 

സിനിമയിൽ എത്തുന്നതിന് മുൻപുള്ള സൗഹൃദമാണ് അനുശ്രീയ്ക്ക് റിനോയ് വർഗ്ഗീസുമായി ഉള്ളത്. തന്റെ സുഹൃത്ത് വിജയിച്ചു കഴിഞ്ഞാൽ നാടിനു വേണ്ടി ചെയ്യാവുന്നത് പരമാവധി ചെയ്തു കൊടുക്കും എന്ന വിശ്വാസം തനിക്കുണ്ടെന്നും അനുശ്രീ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞിരുന്നു.