സിപിഐയുടെ ഉരുക്കുകോട്ടയായ വൈക്കത്തും ഇടതിന് പരാജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിജയം യുഡിഎഫിലെ ബിനിമോന്. 

വൈക്കം: വൈക്കം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോന് ജയം. 1360 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. ബിനിമോൻ വിജയിച്ചത്. 52944 വോട്ടുകള്‍ ബിനിമോൻ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ പി. പ്രദീപ് 51584 വോട്ടുകളും എൻഡിഎയിലെ കെ. അജിത്ത് 20297 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

2016 മുതൽ സിപിഐയിലെ സി കെ ആശയാണ് വൈക്കത്തെ പ്രതിനിധീകരിച്ചിരുന്നത്. 2016-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ എ.സനീഷ് കുമാറിനെതിരെ 24,584 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ സികെ ആശ, 2021-ലും തന്റെ വിജയം ആവർത്തിക്കുകയായിരുന്നു. 2021ൽ കോൺഗ്രസിന്റെ പിആർ സോണയെ 29,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് ആശ തോൽപ്പിച്ചത്. ആശയ്ക്ക് 71,388 വോട്ടുകൾ ലഭിച്ചപ്പോൾ, സോണയ്ക്ക് 42,266 വോട്ടുകൾ മാത്രമാണ് നേടാനായത്. കൂടാതെ, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് മാത്രമായിരുന്നു ഒരു സ്ത്രീ സ്ഥാനാർത്ഥി മറ്റൊരു സ്ത്രീ സ്ഥാനാർത്ഥിക്കെതിരെ പ്രധാന മത്സരത്തിൽ ഏർപ്പെട്ട മണ്ഡലം എന്നതും പ്രത്യേകതയായിരുന്നു.

വൈക്കം താലൂക്കിലെ വൈക്കം മുനിസിപ്പാലിറ്റിയും ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടിവി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ ഒൻപത് പഞ്ചായത്തുകളും ചേർന്നതാണ് വൈക്കം നിയമസഭാ മണ്ഡലം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന ഈ പ്രദേശം ദീർഘകാലമായി ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐയുടെ ഉരുക്കുകോട്ടയാണ്. മണ്ഡലം നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്തതോടെയായിരുന്നു സിപിഐ സ്ഥാനാർഥി പി പ്രദീപ് മത്സരിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർഥി കെ ബിനിമോൻ.

മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ വികസനവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയത്. ബിജെപിയും ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങിയത്.