2026-ലെ പെരുമ്പാവൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ, യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടൻ 28,434 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പെരുമ്പാവൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മനോജ് മൂത്തേടന് 28434 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി. ആകെ 75088 വോട്ടുകളാണ് മനോജ് മൂത്തേടൻ നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ബേസിൽ പോൾ 46654 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ജിബി പതിക്കൽ 22497 വോട്ടുകളും നേടി. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം.

Add Asianetnews as a Preferred SourcegooglePreferred

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അഡ്വ. എൽദോസ് കുന്നപ്പിള്ളി 53,484 വോട്ടുകൾ നേടി വിജയിച്ചു. കേരള കോൺഗ്രസ് എമ്മിലെ ബാബു ജോസഫിനെ 2,899 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബാബു ജോസഫിന് 50,585 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ടി.പി. സിന്ധുമോൾ 15,000 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

വില്ലനായി എൽദോസിനെതിരെയുള്ള ആരോപണങ്ങള്‍

2016 മുതല്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ 2022-ൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ ബാധിക്കുകയായിരുന്നു. ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും അദ്ദേഹം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. കേസുകൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതേസമയം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് എൽദോസ് പറയുന്നത്. കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് പിന്തുണ നൽകിയിട്ടുണ്ടെങ്കിലും, ഈ വിവാദം മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമാണ്.

ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് പോലും വിനയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലാത്തത് വിഷമിപ്പിച്ചുവെന്നും നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പോലും എൽദോസ് പറയുകയുണ്ടായി. എന്നാല്‍ ഇടഞ്ഞുനിന്ന എൽദോസ് കുന്നപ്പിള്ളി ഇപ്പോഴത്തെ സ്ഥാനാര്‍ഥി മനോജ് മൂത്തേടന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാന്‍ വരെയെത്തിയിരുന്നു.