അങ്കമാലി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോജി എം ജോണിന് 37,008 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയം.

അങ്കമാലി: അങ്കമാലി നിയോജക മണ്ഡലം സ്ഥാനാർഥി റോജി എം ജോണിന് മിന്നും ജയം. 37008 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 78331 വോട്ടുകള്‍ റോജി എം ജോൺ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ സാജു പോൾ 41323 വോട്ടുകളും എൻഡിഎയിലെ പ്രോമി കുര്യാക്കോസ് 9893 വോട്ടുകളും നേടി. ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം. 1965 ൽ ആണ് മണ്ഡലം നിലവിൽ വന്നത്.

Add Asianetnews as a Preferred SourcegooglePreferred

1965 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാൽ എട്ട് തവണ വലതു പക്ഷത്തെയും ആറുതവണ ഇടതുപക്ഷത്തെയുമാണ് അങ്കമാലി പിന്തുണച്ചത്. ഈ മണ്ഡലം ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് വരുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വാർഡുകളിലുടനീളം ഇടകലർന്ന് താമസിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ ഒരു സമുദായത്തിനും ഇവിടെ ഏകപക്ഷീയമായ ആധിപത്യമില്ല. സ്ഥാനാർത്ഥിയുടെ വിശ്വാസ്യത, പ്രാദേശിക ബന്ധങ്ങൾ, സംഘടനാ കരുത്ത് എന്നിവയാണ് സാധാരണയായി വിജയിയെ തീരുമാനിക്കുന്നത്. കൊച്ചി മെട്രോ ഉള്‍പ്പെടെ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യം ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പടക്കം നടന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

2011ൽ ജോസ് തെറ്റയിൽ 7,170 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കേരള കോൺഗ്രസ് ജേക്കബ് സ്ഥാനാർഥി ജോണി നെല്ലൂരിനെ ഇവിടെ പരാജയപ്പെടുത്തിയത്. 2016ൽ കോൺഗ്രസിലെ റോജി എം ജോണാണ് മണ്ഡലത്തിൽ വിജയിച്ച് നിയമസഭയിൽ എത്തിയത്. 9,186 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെഡിഎസിൻ്റെ ബെന്നി മൂഞ്ചലിയെ പരാജയപ്പെടുത്തിയത്. 2021ൽ റോജി എം ജോൺ ഭൂരിപക്ഷം ഉയർത്തി. 15,929 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് തെറ്റയിലിനെ പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുധമാ0യി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.