നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് വിജയം. 18573 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഷിബു ബേബി ജോൺ വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് 74308 വോട്ടുകൾ ലഭിച്ചു. 

ചവറ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് വിജയം. 18573 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഷിബു ബേബി ജോൺ വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് 74308 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി സുജിത്ത് വിജയന്‍പിള്ള 55735 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി കെ.ആര്‍ രാജേഷ് 11012 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

ആർഎസ്‌പിയുടെ ചുവപ്പ് കോട്ട എന്നായിരുന്നു ആരംഭകാലം മുതല്‍ ചവറ നിയോജക മണ്ഡലത്തിനുള്ള വിശേഷണം. ബേബി ജോണും പിന്നീട് മകൻ ഷിബു ബേബി ജോണും മത്സരിച്ച് ജയിച്ച മണ്ഡലം. ഇതിനിടയില്‍ ഒരുവട്ടം എന്‍.കെ പ്രേമചന്ദ്രനും ഇവിടെ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇടതുപാളയം വിട്ട് യുഡിഎഫിലെത്തിയിട്ടും ഷിബു ബേബി ജോണിനെ ചവറ നിയമസഭയിലെത്തിച്ചുവെന്നതാണ് ചരിത്രം. എന്നാല്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിനെ വീഴ്ത്തി എൻ വിജയൻ പിള്ള മണ്ഡലം ഇടതുപക്ഷത്തിനൊപ്പം ചേർത്തു. 2020-ല്‍ വിജയൻ പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് പിന്നീട് എംഎല്‍എ ഓഫീസ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മകന്‍ ഡോ. സുജിത് വിജയന്‍പിള്ളയാണ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിനെ 1,096 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രന്‍ സുജിത് വിജയന്‍പിള്ള തോല്‍പിച്ചതോടെ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു.

ഇത്തവണ വീണ്ടുമൊരിക്കല്‍ക്കൂടി ഷിബു ബേബി ജോണും സുജിത് വിജയന്‍പിള്ളയും തമ്മിലായിരുന്നു ചവറയിലെ പ്രധാന പോരാട്ടം. 77.93 ശതമാനം പോളിംഗായിരുന്നു ഇക്കുറി ചവറ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. വികസനവും ആരോപണ പ്രത്യാരോപണങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു കടന്നുപോയതും. നാളിതുവരെ എന്‍ഡിഎയ്‌ക്ക് വലിയ ചലനം മണ്ഡലത്തില്‍ സൃഷ്‌ടിക്കാന്‍ സാധിച്ചിട്ടുമില്ല.