ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാൻസ്‍ വുമണ്‍ അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാൻസ്‍ വുമണ്‍ അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇതോടെ അരുണിമയ്ക്ക് മത്സരിക്കാം. വോട്ടർ ഐഡി ഉൾപ്പടെയുള്ള അരുണിമയുടെ രേഖകളിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കുന്നതിന് തടസമില്ല. ഇതിനെ ആരും എതിർത്തില്ല. ഇതോടെയാണ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക നൽകിയ അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്‌വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. വനിത സംവരണ സീറ്റിൽ ട്രാന്‍സ്‍വുമണിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രചാരണം. എന്നാൽ, സൂക്ഷ്മപരിശോധനയിലടക്കം അരുണിമയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചതോടെ വയലാര്‍ ഡിവിഷനിൽ മത്സരിക്കാൻ നിയമതടസമില്ലെന്ന് വ്യക്തമായി. തനിക്ക് മത്സരിക്കാൻ നിയമപരമായ തടസങ്ങൾ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നുമാണ് അരുണിമ പ്രതികരിച്ചിരുന്നത്. രേഖകളിലെല്ലാം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അരുണിമ പ്രതികരിച്ചത്. ഇന്നലെ ആലപ്പുഴ കളക്ടറേറ്റിലെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്.
ആരോപണങ്ങള്‍ക്ക് അരുണിമയുടെ മറുപടി
'ചില ആളുകളും മാധ്യമങ്ങളും ട്രാൻസ്ജെൻ്റേർസിന് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാൽ എന്റെ എല്ലാ രേഖകളിലും താൻ സ്ത്രീയാണ്. വോട്ടർ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാർ. താൻ സ്ഥാനാർത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണ്. അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ വസ്തുത വേണ്ടേ. 19 വയസ്സിൽ സർജറി കഴിഞ്ഞതാണ്. നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നത്. ജീവിക്കാൻ അനുവദിക്കണം. വളരെ വലിയ പോരാട്ടത്തിലൂടെയാണ് ഇവിടെ വരെ എത്തിയത്. ഇങ്ങനെ വീണ്ടും പ്രചാരണങ്ങൾ വരുമ്പോൾ എങ്ങിനെ നേരിടണമെന്ന് അറിയില്ല,' - അരുണിമ പറഞ്ഞു.



