തിരുവനന്തപുരം: കൊവിഡ് പ്രതിരോധം മുൻനിര്‍ത്തി സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിച്ച് യുഡിഎഫ്. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളതെന്ന് കൺവീനര്‍ എംഎം ഹസ്സൻ പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ച് പേരെ വീതം അണിനിരത്തിയായിരിക്കും സമരമെന്നും എംഎം ഹസ്സൻ വിശദീകരിച്ചു. 

കൊവിഡ് വ്യാപനം മുൻനിര്‍ത്തി പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ട്ടിക്കും മുന്നണിക്കും അകത്ത് ഉണ്ടായത്. സമര പരിപാടികളിൽ സജീവമായി ഉണ്ടായിരുന്ന യുവ നിര നേതൃത്വത്തിന് മുന്നിൽ പരാതിയുമായി എത്തി. കെ മുരളീധരൻ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ പരസ്യമായി തള്ളി സമരം തടരുമെന്ന നിലപാടുമെടുത്തു. 

സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിൽ യുഡിഎഫ് വിട്ടുവീഴ്ചക്ക് ഒരുങ്ങുകയാണെന്ന ബിജെപിയുടെ പ്രചാരണം കൂടി ശക്തിപ്പെട്ടതോടെയാണ് സമര രീതിയിൽ വീണ്ടുവിചാരത്തിന് യുഡിഎഫ് തയ്യാറാകുന്നത്. പ്രത്യക്ഷ സമരത്തിൽ നിന്ന് യുഡിഎഫ് പിൻമാറിയാൽ അവസരം മുതലെടുക്കുന്നത് ബിജെപിയായിരിക്കും എന്ന വിലയിരുത്തൽ നേതൃത്വത്തിന് പൊതുവെ ഉണ്ട്. മാത്രമല്ല സ്വര്‍ണക്കടത്ത് മുതൽ ലൈഫ് മിഷൻ ക്രമക്കേട് വരെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സമരത്തിൽ നിന്ന് പിൻമാറിയാൽ അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഉണ്ട്.