10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സർക്കാർ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന് യുഡിഎഫിന്റെ ആരോപണം. ശമ്പളവും 2021 മുതലുള്ള ഡിഎ കുടിശ്ശികയും വൈകുന്നത് ജീവനക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.

10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച എല്‍ഡിഎഫ് പല തരത്തില്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കിയതായി യുഡിഎഫ്. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം സംബന്ധിച്ച വിഷയമാണ്. ശമ്പളവും കുടിശ്ശികകളും കൃത്യ സമയത്ത് ലഭിക്കാത്തതിനെതിരെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ നിത്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

2021 മുതല്‍ കുടിശ്ശികയായി കിടക്കുന്ന ഡിഎ തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് യുഡിഎഫ് പറയുന്നു. ഈ കുടിശ്ശിക എട്ട് ഗഡുക്കളായി നല്‍കാമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ദൈനംദിന ചെലവുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍, ഈ കാലതാമസം ബുദ്ധിമുട്ടാണ്. ഡിഎ കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജീവനക്കാര്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യം മുന്നോട്ട് വയ്ക്കുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തടിയൂരുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നത് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെങ്കിലും, അതിന്റെ ഭാരം മുഴുവന്‍ ജീവനക്കാരുടെ മേല്‍ ചുമത്തുകയാണ്. ശമ്പളവും ആനുകൂല്യങ്ങളും വൈകുന്നത് കുടുംബങ്ങളുടെ സാമ്പത്തിക നിലയെ തകര്‍ക്കുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാതെ മുന്നോട്ട് പോയാല്‍ സമരപരിപാടികള്‍ കടുപ്പിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ഭരണം ജീവനക്കാരുടെ നിത്യജീവിതത്തെ സാരമായി ബാധിച്ചതായും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.