കൊച്ചി: കോൺഗ്രസ് എംപി ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു. രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട്‌ മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ല. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെപിസിസി ഹൈക്കമാൻഡിന്  നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കൺവീനര്‍ സ്ഥാനമൊഴിയാനുള്ള നിര്‍ദ്ദേശം എ ഗ്രൂപ്പിനുള്ളിൽ നിന്ന് ഉമ്മൻ ചാണ്ടി തന്നെ മുന്നോട്ട് വെച്ചിരുന്നു. എംപിയായി തിരക്കുകളിലേക്ക് ബെന്നി ബെഹ്നാൻ പോകുമ്പോൾ പകരം മറ്റൊരാൾ യുഡിഎഫ് കൺവീനറായി വരണമെന്നായിരുന്നു പാര്‍ട്ടിക്കകത്തു നിന്നുള്ള തീരുമാനം. എ ഗ്രൂപ്പിലെ തന്നെ എം എം ഹസനെ കൺവീനറാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാൽ നിര്‍ദ്ദേശം അംഗീകരിക്കാൻ ബെന്നി ബെഹ്നാൻ തയ്യാറായിരുന്നില്ല. തുടര്‍ന്ന് തീരുമാനം നീണ്ടു പോയി. ഉമ്മൻചാണ്ടിയുടെ  തീരുമാനത്തിൽ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതൽ അടുത്തു. ഇതിനിടെ  ബെന്നിയും ഉമ്മൻചാണ്ടിയും അഭിപ്രായവ്യത്യാസമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് രാജി പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചര്‍ച്ചയായിരുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനങ്ങൾക്ക് ശേഷം  രാജി വെക്കാമെന്ന് ബെന്നി അറിയിച്ചതാണെന്നും അതനുസരിച്ചാണ് രാജി പ്രഖ്യാപനമെന്നുമാണ് ഇപ്പോൾ കെപിസിസി വിശദീകരണം. എന്നാൽ കൺവീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിനുള്ളിൽ തന്നെ തര്‍ക്കങ്ങൾ ഉയര്‍ന്നിരുന്നുവെന്നാണ് ബെന്നിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.