കോട്ടയം: തർക്കങ്ങൾക്കും കേരളാ കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനുമിടെ പാലായിൽ ഇന്ന് യുഡിഎഫിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ. പി ജെ ജോസഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഇന്നലെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യുഡിഎഫ് കൺവെൻഷനോടെ 'ചിഹ്നപ്പോരും' 'വിമത'നീക്കത്തിനുമെല്ലാം വിരാമമാകുമെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം. 

കൺവെൻഷനിൽ ജോസ് ടോം പുലിക്കുന്നേലിന് പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്നാണ് പി ജെ ജോസഫിന് മുന്നണി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലികുട്ടി, ജോസ് കെ മാണി അടക്കമുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.

എല്ലാ പ്രശ്നങ്ങളും അങ്ങനെ തീരുമോ?

പാലാ ഉപതെരഞ്ഞെടുപ്പിൽ പത്രിക നൽകാനുള്ള അവസാനദിവസമായ ഇന്നലെയാണ് അവസാനനിമിഷം ഉച്ചയോടെ ജോസഫ് അനുകൂലിയായ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിൽ അപ്രതീക്ഷിതമായി പത്രിക നൽകിയത്. ഇതോടെ വെട്ടിലായത് യുഡിഎഫും ജോസ് കെ മാണി പക്ഷവുമാണ്. ഇരുവിഭാഗവും നീക്കത്തെക്കുറിച്ച് ഒന്നുമറിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, വിമതനീക്കമുണ്ടാവില്ലെന്ന് ആവർത്തിച്ചതുമാണ്. 

ഡമ്മി സ്ഥാനാർത്ഥിയാണ് ജോസഫ് കണ്ടത്തിൽ എന്നാണ് ജോസഫ് പക്ഷത്തെ നേതാക്കൾ പറയുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയും ജോസ് കെ മാണി അനുകൂലിയുമായ ജോസ് ടോം പുലിക്കുന്നേലിന്‍റെ പത്രികയിൽ ചില പിഴവുകളുണ്ടെന്നും, അഥവാ പത്രിക തള്ളിപ്പോയാൽ ഡമ്മി സ്ഥാനാർത്ഥിയായിട്ടാണ് ജോസഫ് കണ്ടത്തിലിനെ നിർത്തിയിരിക്കുന്നതെന്നുമാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. ജോസഫ് അറിഞ്ഞിട്ടില്ല ഈ നീക്കമെന്നും ജോസഫ് അനുകൂലിയായ സജി മഞ്ഞക്കടമ്പിൽ പറയുന്നു. അതിന് ജോസ് ടോമിന് വേറെ ഡമ്മി സ്ഥാനാർത്ഥികളുണ്ടല്ലോ എന്ന ചോദ്യത്തിന് വിചിത്രമാണ് മറുപടി. ജോസ് ടോം ഡമ്മികളെ നിർത്തിയ കാര്യം ജോസഫ് പക്ഷത്തിന് അറിയാമായിരുന്നില്ലത്രെ. ജോസ് ടോമിന്‍റെ പത്രിക അംഗീകരിച്ചാൽ ജോസഫ് കണ്ടത്തിൽ പ്രതിക പിൻവലിക്കുമെന്നാണ് ജോസഫ് പക്ഷം പറയുന്നത്.

'രണ്ടില'യിൽ പൊരിഞ്ഞ അടി!

അവസാനനിമിഷം വിമത സ്ഥാനാർത്ഥിയെ ഇറക്കിയതിന് പിന്നാലെ ജോസഫ് ഒരു പൂഴിക്കടകൻ കൂടി ഇറക്കി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് 'രണ്ടില' ചിഹ്നം നൽകരുതെന്ന് ജോസഫ് അസിസ്റ്റന്‍റ് വരണാധികാരിക്ക് കത്ത് നൽകി. ജോസ് കെ മാണിയുടെ പക്ഷത്ത് നിന്ന് സ്റ്റീഫൻ ജോർജ് രണ്ടിലച്ചിഹ്നം ജോസ് ടോമിന് 'രണ്ടില' ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതിന് പിന്നാലെയാണ് കൊടുക്കരുതെന്നാവശ്യപ്പെട്ട് ജോസഫിന്‍റെ കത്ത്. 

രണ്ടിലച്ചിഹ്നം വേണമെന്നതിന് ജോസ് കെ മാണി പക്ഷം പറയുന്ന കാരണമിതാണ്. സ്റ്റിയറിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത സ്ഥാനാർത്ഥിയാണ് ജോസ് ടോം പുലിക്കുന്നേൽ. ചിഹ്നം അനുവദിക്കാനുള്ള അധികാരം വരണാധികാരിക്കുണ്ട്. വർക്കിംഗ് ചെയർമാൻ മാത്രമാണ് ജോസഫ്. അതിനാൽ ചിഹ്നം അനുവദിക്കണമെന്ന് ജോസ് കെ മാണി പക്ഷത്തിന് വേണ്ടി കത്ത് നൽകിയ സ്റ്റീഫൻ ജോർജിന്‍റെ കത്ത്.

എന്നാൽ തെങ്ങ്, ടെലിവിഷൻ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ജോസഫിന്‍റെ ഡമ്മി-കം-വിമത സ്ഥാനാർത്ഥിയായ ജോസഫ് കണ്ടത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടിലച്ചിഹ്നമല്ല.

ഉച്ചയ്ക്ക് ഇ-മെയിലിലൊരു കത്ത്!

അതേസമയം, പത്രിക നൽകേണ്ട അവസാനദിവസമായിരുന്ന ഇന്നലെ ഉച്ചയ്ക്ക് രണ്ടിലച്ചിഹ്നം ആവശ്യപ്പെട്ട് പി ജെ ജോസഫിന് ജോസ് കെ മാണി അയച്ച ഒരു കത്ത് പുറത്തു വന്നു. കത്തിലെ തീയതി സെപ്റ്റംബർ 1 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് കത്ത് കിട്ടിയതെന്നാണ് ജോസഫ് പക്ഷം പറയുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ തെരഞ്ഞെടുത്തിരിക്കുന്നതിനാൽ ചിഹ്നം അദ്ദേഹത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. എന്നാൽ തൊടുപുഴ മുൻസിഫ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിലേക്ക് ഈ കത്തിനെയും ചിഹ്നം അനുവദിക്കുന്ന നടപടിയെയോ ബന്ധപ്പെടുത്തരുതെന്നും കത്തിൽ ആവശ്യമുണ്ട്. 

വെട്ടിലായത് യുഡിഎഫ്

അപ്രതീക്ഷിതമായി ജോസഫ് നടത്തിയ നീക്കത്തിൽ അങ്കലാപ്പിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. വിമത സ്ഥാനാർത്ഥിയായി അവസാന നിമിഷം ഒരാളെ ജോസഫ് കളത്തിലിറക്കുമെന്ന് യുഡിഎഫോ ജോസ് കെ മാണി വിഭാഗമോ സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല.  പരാതിയുമായി ജോസ് കെ മാണി വിഭാഗം യുഡിഎഫിന് മുന്നിലെത്തിക്കഴിഞ്ഞു. 

പി ജെ ജോസഫ് സ്ഥാനാർത്ഥിയെ നിർത്തിയത് യുഡിഎഫിലുണ്ടാക്കിയ ധാരണകളുടെ ലംഘനമെന്ന് ജോസ് കെ മാണി പക്ഷം ആരോപിക്കുന്നു. എത്രയും വേഗം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ജോസ് പക്ഷം ആവശ്യപ്പെടുന്നു. ചിഹ്നപ്രശ്നത്തിന്‍റെ പേരിൽ അവസാനനിമിഷം ഡമ്മിയെന്ന പേരിലൊരു വിമതനെ ജോസഫ് ഇറക്കിയതിൽ യുഡിഎഫിനകത്തും പ്രതിഷേധം പുകയുകയാണ്. 'ഡമ്മി'യെന്ന് ജോസഫ് പറഞ്ഞാലും ജോസഫ് കണ്ടത്തിലിനെ യുഡിഎഫ് നേതാക്കൾ വിളിക്കുന്നത് 'വിമത'നെന്ന് തന്നെ. 

ഡമ്മി സ്ഥാനാർത്ഥികളെ സാധാരണ നിർത്തുന്നത് യുഡിഎഫിന്‍റെ അറിവോടെയാകണം. എന്നാൽ അത് ഇവിടെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജോസഫിന്‍റെ പൂഴിക്കടകൻ മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്നതായി മാറിയെന്ന് ഉറപ്പാണ്. 

ഇനി എന്തുകൊണ്ടാണ് ഇത്തരമൊരു വിമതനീക്കം നടത്തിയതെന്ന് ജോസഫ് തന്നെയാണ് വിശദീകരിക്കേണ്ടത്. ജോസഫിന്‍റെ പിഎയുടെ കൂടെയാണ് ജോസഫ് കണ്ടത്തിൽ പത്രിക നൽകിയതെന്നതിനാൽ പ്രത്യേകിച്ചും.