തിരുവനന്തപുരം: യുഡിഎഫ് ജില്ലാ കമ്മിറ്റി പുന:സംഘടനയിൽ പി ജെ ജോസഫ് വിഭാഗത്തിന് ഒരു  ചെയർമാൻ സ്ഥാനം മാത്രം. ജോസഫ് പക്ഷത്തിൻറെ കയ്യിലുണ്ടായിരുന്ന പത്തനംതിട്ടയിലെ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു. ഇതിനിടെ ജോസ് വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്ന് കൺവീനർ എംഎം ഹസനും ലീഗ് നേതാക്കളും ആവർത്തിച്ചു.

ജോസ് പക്ഷം മുന്നണി വിട്ടതിന് പിന്നാലെ സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തുന്ന ജോസഫിനെ കാര്യമായി പരിഗണിക്കാതെ ജില്ലാ യുഡിഎഫ് കമ്മിറ്റി പുനസംഘടന. ജോസും ജോസഫും ഒരുമിച്ച് നിന്നപ്പോൾ രണ്ട് ജില്ലകളിൽ ചെയർമാൻ സ്ഥാനം കേരള കോൺ​ഗ്രസിന് ഉണ്ടായിരുന്നു. 

എന്നാൽ പുനസംഘടനയിൽ പത്തനംകിട്ടയിൽ ചെയർമാനായിരുന്ന വിക്ടർ ടി തോമസിനെ കൺവീനറാക്കി മാറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു.കോട്ടയത്ത് മോൻസ് ജോസഫ്  എംഎൽഎ ആണ് ചെയർമാൻ. എറണാകുളത്തും ഇടുക്കിയിലും കൺവീനർ സ്ഥാനവും ജോസഫിന് നൽകി. ജോസഫ് ആവശ്യപ്പെട്ട ആലപ്പുഴയിൽ കോൺഗ്രസ് എതിർപ്പുയർത്തിയത് കാരണം കൺവീനരെ പ്രഖ്യാപിച്ചിട്ടില്ല.

 ജോസിൻ്റെ മുന്നണിമാറ്റം ചർച്ചയാകുന്നതിനിടെ കൺവീനർ എംഎം ഹസ്സൻ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജോസിൻ്റെ മുന്നണി മാറ്റം യുഡിഎഫിനെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുകൾ ശക്തമായതോടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് പകരം ലീഗിലെ സി ടി അഹമ്മദലിയാണ് പുതിയ ചെയർമാൻ.