Asianet News MalayalamAsianet News Malayalam

ഇന്ധന വില സഭയിൽ; അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം, അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഖജനാവിലേക്ക് പണം കണ്ടെത്താൻ ഉള്ള മികച്ച മാർഗം ആയി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. 

 

udf emergency motion notice in kerala legislative assembly in fuel price hike
Author
Thiruvananthapuram, First Published Jun 9, 2021, 10:30 AM IST

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനുള്ള  പ്രതിപക്ഷത്തിന്റെ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കർ. ഖജനാവിലേക്ക് പണം കണ്ടെത്താൻ ഉള്ള മികച്ച മാർഗം ആയി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻ ഷംസുദീൻ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 

പെട്രോൾ വിലയല്ല നികുതിയാണ് കൂടുന്നതെന്നും  ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സർക്കാർ നയമെന്നും എൻ ഷംസുദീൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ 7 തവണ അധിക വരുമാനം വേണ്ടെന്നു വെച്ചു. ആ മാതൃക എന്ത് കൊണ്ട് പിണറായി സർക്കാർ സ്വീകരിക്കുന്നില്ല ? പാവങ്ങളുടെ സർക്കാർ എന്ന് പറയുമ്പോൾ എന്ത് കൊണ്ട് സഹായിക്കുന്നില്ല? കൊവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീൻ സഭയിൽ പറഞ്ഞു. 

എന്നാൽ പ്രതിപക്ഷത്തെ വിമർശിച്ച ധനമന്ത്രി കെഎൻ ബാലഗോപാൽ വില വർധനവിൽ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ലെന്ന് വിശദീകരിച്ചു. ഇന്ധന വില വർധന സ്ഥിതി ഗുരുതരമാണ്. പക്ഷേ വില വർധനവിൽ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തിൽ ഇല്ല. സംസ്ഥാനത്തെ വിമർശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സർക്കാരിന് എതിരെ നോട്ടീസിൽ ഒന്നും പറയുന്നില്ല. ഒന്നാം മോദി സർക്കാർ കാലത്ത് കോൺഗ്രസ്‌ ഇന്ധന വില വർധനവിൽ നിശബ്ദരായിരുന്നു. ഇന്ത്യയിൽ കൂടുതൽ നികുതി കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വർധനക്കെതിരെ ഒരുമിച്ചു നിൽക്കാം പക്ഷെ സഭ നിർത്തി ചർച്ച വേണ്ടെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും മോദി സർക്കാർ നികുതി കൂട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 
ആരോപിച്ചു. യുപിഎ സർക്കാർ ആണ് ഉത്തരവാദി എന്ന ധനമന്ത്രിയുടെ നിലപാട് പരോക്ഷമായി മോദിയെ സഹായിക്കലാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 37 ദിവസം കൊണ്ട് 21 തവണ വില കൂട്ടി. നടക്കുന്നത് നികുതി കൊള്ളയാണ്. 40% മുതൽ 50% വരെ സംസ്ഥാനത്തു നികുതി കൂടി. നികുതി കുറച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ എങ്കിലും കൊടുക്കണം. 

കെഎസ്ആർടിസി ബസിനും മത്സ്യ ബന്ധന ബോട്ടുകൾക്കും ഓട്ടോ ടാക്സികൾക്കും ഇളവ് കൊടുത്തു കൂടെയെന്നും പ്രതിപക്ഷനേതാവ് സഭയിൽ ചോദിച്ചു. ഇവർക്ക് ഫ്യൂൽ സബ്‌സിഡി എങ്കിലും കൊടുക്കണം. കേന്ദ്രം വില കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. 

Follow Us:
Download App:
  • android
  • ios