കോട്ടയം: കോട്ടയം ജില്ലയിൽ ആറിൽ അഞ്ച് നഗരസഭകളിൽ ഭരണം പിടിച്ച് യുഡിഎഫ്. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിലാണ് യുഡിഎഫ് ഭരണം. പാലായിൽ എൽഡിഎഫ് നേരത്തേ ഭരണം ഉറപ്പിച്ചിരുന്നു. കേവല ഭൂരിപക്ഷം കിട്ടാതെ പോയിടങ്ങളിൽ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനായതാണ് യുഡിഎഫിനെ തുണച്ചത്.

കോട്ടയം നഗരസഭയിൽ ടോസിലൂടെയാണ് യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സണായത്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ചയാളാണ് ബിൻസി. എല്‍ഡിഎഫിന്- 22 സീറ്റും, യുഡിഎഫിന്‌ - 21 സീറ്റും, എന്‍ഡിഎക്ക് എട്ട് സീറ്റുമാണ് കോട്ടയം നഗരസഭയിൽ ഉണ്ടായിരുന്നത്. സ്വതന്ത്രയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യനെ യുഡിഎഫ് പിന്തുണച്ചതോടെയാണ് യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമെത്തിയത്. 

ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ ആദ്യ റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷീജാ അനിലും യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യനും  22 വീതം വോട്ടും എൻഡിഎ സ്ഥാനാർത്ഥി  റീബാ വർക്കി 8 വോട്ടും നേടി. രണ്ടാം റൗണ്ടിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഒഴിവാക്കിയപ്പോഴും ഇരു വിഭാഗവും ഒപ്പത്തിനൊപ്പമെത്തിയതോടെയാണ് ടോസിട്ടത്. 

ചങ്ങനാശ്ശേരിയിലും സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. സ്വതന്ത്രയായി മത്സരിച്ച സന്ധ്യ മനോജാണ് ചെയർപേഴ്സൺ. 37 വാർഡുകളുള്ള ചങ്ങനാശ്ശേരിയിൽ 16 ഇടത്ത് എൽഡിഎഫും 15 ഇടത്ത് യുഡിഎഫുമാണ് ജയിച്ചത് ശേഷിക്കുന്ന ആറ് വാർഡുകലിൽ മൂന്നിടത്ത് ബിജെപിയും മൂന്നിടത്ത് സ്വതന്ത്രരും ജയിച്ചു. കേവല ഭൂരിപക്ഷത്തിന് സ്വതന്ത്രരുടെ പിന്തുണ അത്യാവശ്യമായതോടെയാണ് ഭരണ തുടർച്ചയ്ക്കക് നഗരസഭ അധ്യക്ഷ സ്ഥാനം തന്നെ സ്വതന്ത്രർക്ക് നൽകേണ്ടി വന്നത്.

വനിതാ സ്വതന്ത്ര അംഗങ്ങളായ സന്ധ്യാ മനോജും‌, ബീനാ ജോബിയും ചെയർപേഴ്സൺ സ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തിയതോടെ ടേം അടിസ്ഥാനത്തിൽ ഇത് വീതം വയ്ക്കാൻ യുഡിഎഫ് തയ്യാറായി. അങ്ങനെയാണ് ആദ്യഘട്ടത്തിൽ സന്ധ്യാ മനോജ് ചെയർപേഴ്സണാകുന്നത്.

ഏറ്റുമാനൂരിൽ ലൗലി ജോർജ്ജാണ് ചെയർപേഴ്സൺ. 35 അംഗങ്ങളുള്ള ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിനു 12 സീറ്റുകളുമാണ് ലഭിച്ചത്, ബിജെപിക്ക് ഏഴ് സീറ്റുകളും. ശേഷിച്ച മൂന്ന് സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് നേടിയത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണയോടെയാണ് ലൗലി ജോർജ്ജ് ചെയർമാൻ സ്ഥാനം ഉറപ്പിച്ചത്. ഒരു സ്വതന്ത്ര എൽഡിഎഫിനെ പിന്തുണച്ചു. ബിജെപി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. 

വൈക്കത്ത് യുഡിഎഫ് ചെയർപേഴ്സണായി രേണുകാ രതീഷും, ഈരാറ്റുപേട്ടയിൽ ലീഗിൻ്റെ സുഹറാ അബ്ദുൾഖാദറും തെരഞ്ഞെടുക്കപ്പെട്ടു.

പാലായിൽ കേരള കോൺഗ്രസ് ജോസ് പക്ഷത്തെ ആന്റോ പടിഞ്ഞാറേക്കര ചെയർമാനായി. പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു മുന്നണി ഭരണത്തിലേറിയത്.