Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ ഭൂപ്രശ്നങ്ങളുയർത്തി യുഡിഎഫ്; നാളെ ഹർത്താൽ, ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്ന് എൽഡിഎഫ്

കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്

udf hartal in idukki tomorrow
Author
Thodupuzha, First Published Mar 25, 2021, 12:55 AM IST

തൊടുപുഴ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ് വിമർശനം.

കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ൽ പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

ഇതിനിടെ ഇടുക്കിയിൽ മാത്രമായി ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കേരളത്തിന് മൊത്തത്തിൽ ബാധകമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായെന്നാണ് യുഡിഎഫ് വിമർശനം. അതേസമയം ഭേദഗതി ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും യുഡിഎഫ് ലക്ഷ്യം വേറെയെന്നുമാണ് എൽഡിഎഫ് വിമർശനം. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

Follow Us:
Download App:
  • android
  • ios