പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ.
പാലക്കാട്: പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് രൂക്ഷഭാഷയിൽ വിമർശിച്ചു. കെ സുരേന്ദ്രൻ രാജി വെക്കാതെ, സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും പറഞ്ഞ സന്ദീപ് വാര്യർ അയാള്‍ രാജി വെക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെയും കടന്നാക്രമിച്ചായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
'പാല്‍ സൊസൈറ്റിയില്‍ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, പഞ്ചായത്ത് ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, മുനിസിപ്പാലിറ്റി ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, പാര്‍ലമെന്‍റ് ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, നിയമസഭ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍. കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതിക്കൊടുത്ത ബിജെപിയുടെ നേതൃത്വം തന്നെയാണ് ഈ പരാജയത്തിന് ഉത്തരവാദികള്‍. കെ സുരേന്ദ്രനെയും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങളെയും മാരാര്‍ജി ഭവനില്‍ നിന്ന് അടിച്ചുപുറത്താക്കി അവിടെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടാന്‍ പോകുന്നില്ല.' സന്ദീപിന്‍റെ പ്രതികരണമിങ്ങനെ. യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനത്തിന്‍റെ ഫലമാണ് പാലക്കാട്ടെ മുന്നേറ്റമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
