കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി യുഡിഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറുമാണ് ആദ്യം കാക്കനാട്ടെ സിറോ മലബാർ സഭ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. 

ലീഗ് നേതാക്കൾ മടങ്ങിയതിന് പിന്നാലെ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാക്കളും ബിഷപ്പിനെ കാണാനെത്തുകയായിരുന്നു. പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ജോണി നെല്ലൂ‍ർ, ജോയ് എബ്രഹാം എന്നിവരാണ് കാക്കനാട്ടെ സിറോ മലബാ‍ർ സഭയുടെ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. 

കേരള കോൺ​ഗ്രസ് പിള‍രുകയും ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകുകയും തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കുകയും ചെയ്യുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് യുഡിഎഫ് നേതാക്കൾ ബിഷപ്പിനെ കാണാനെത്തിയത്.