ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം പിജെ ജോസഫുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് - ലീഗ് നേതാക്കളാണ് പിജെ ജോസഫിനെ കണ്ടത്. ലീഗിനെ പ്രതിനിധീകരിച്ച് പികെ കുഞ്ഞാലിക്കുട്ടിയും, എംകെ മുനീറും ചര്‍ച്ചയില്‍ പങ്കെടുത്തു. 

കുട്ടനാട് സീറ്റില്‍ ജയസാധ്യത കേരള കോണ്‍ഗ്രസിനാണെന്ന് പിജെ ജോസഫ് ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചര്‍ച്ചകളി‍ല്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സീറ്റില്‍ നാളെ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. 

ജോസ് കെ മാണിയുമായും യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തും. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും യുഡിഎഫിന്‍റെ കെട്ടുറപ്പാണ് പ്രധാനമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫ് - ജോസ് കെ മാണി തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം കണക്കിലെടുത്ത് കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കുട്ടനാടിന് പകരം മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാം എന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലുള്ളത്.