തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉഭയ കക്ഷി ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചർച്ച നടത്താൻ ഇന്ന് ചേർന്ന യുഡ‍ിഎഫ് യോഗത്തിൽ തീരുമാനം. സീറ്റുകളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം യോഗത്തിലുയർന്നു. ഘടക കഷി സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കണമെന്ന ആവശ്യം ഉന്നയിക്കാനും യു‍ഡിഎഫ് യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ മുന്നണി വിപുലീകരണം ചർച്ചയായില്ല. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ തിരിച്ചെത്തിക്കാനുള്ള നീക്കത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾ യോഗത്തിൽ ഒന്നും പരാമർശിച്ചില്ല.

നിലമ്പൂർ തെരഞ്ഞെടുപ്പിലുണ്ടായത് തിളക്കമാർന്ന വിജയമെന്ന് യോഗം വിലയിരുത്തി. ഭരണ വിരുദ്ധ വികാരം അലയടിച്ചെന്നും പിവി അൻവർ സിപിഎം വോട്ടുകൾ പിടിച്ചുവെന്നും വിലയിരുത്തിയെങ്കിലും അൻവറിനെ ഒപ്പം നിർത്തണമെന്ന് മുന്നണിയിൽ ആരും ആവശ്യപ്പെട്ടില്ല. അൻവറിൻ്റെ മുന്നണി പ്രവേശം സമയാകുമ്പോൾ ആലോചിക്കാമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.