പി.വി അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തിനുള്ള സ്റ്റാര്‍ട്ടിങ് പോയന്‍റ് കൂടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നതും ശ്രദ്ധേയം.
തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ഭരണമോ, ഭരണമാറ്റമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം. മൂന്നാംപിണറായി സര്‍ക്കാരിനായി സിപിഎം രാഷ്ട്രീയക്കളം ഒരുക്കുമ്പോഴാണ് പ്രതിപക്ഷത്തിന് അങ്കംവെട്ടാനുള്ള അവസരം വന്നെത്തുന്നത്. പുതിയ അധ്യക്ഷന്‍ വന്നതിനുശേഷമുള്ള മാറ്റങ്ങള്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ബിജെപി ക്യാംപ് ഉറ്റുനോക്കുന്നത്. പി.വി അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തിനുള്ള സ്റ്റാര്‍ട്ടിങ് പോയന്‍റ് കൂടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നായിരുന്നു കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റം. ഇത് യുഡിഎഫിന് കരുത്തായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ അവസാന ലാപ്പില്‍ 'വീണ്ടും പിണറായി' എന്ന ടാഗ് ലൈന്‍ ഉയര്‍ത്തിനില്‍ക്കുകയാണ് സിപിഎം. ഈ പ്രചാരണങ്ങളെ മറികടന്ന് ജനകീയ വിചാരണയ്ക്ക് കിട്ടുന്ന രാഷ്ട്രീയ അവസരമാണ് യുഡിഎഫിനെ സംബന്ധിച്ചയിടത്തോളം ഈ ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ തര്‍ക്കങ്ങളില്ലാതെ 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ഉറപ്പ്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് അല്ലെങ്കില്‍ ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയി എന്നതാണ് അവസാനചിത്രം.
ദേശീയപാത തകര്‍ന്നതിലെ രാഷ്ട്രീയ ആരോപണങ്ങള്‍ നീണ്ടുകിടക്കുന്ന മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുക എല്‍ഡിഎഫിന് എളുപ്പമല്ല. എങ്കിലും മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ വരുന്നതിന്‍റെ സൂചനയാക്കി നിലമ്പൂരിനെ മാറ്റുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറയുന്നത്. വര്‍ഗീയ ശക്തികള്‍ക്കൊപ്പം ചേരാനുള്ള ത്വരയാണ് യുഡിഎഫിനെന്നും ആരോപിക്കുന്നു. പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച പിവി അന്‍വറിനെ യൂദാസിനോട് ഉപമിച്ചാണ് സിപിഎം പോരാട്ടം തുടങ്ങുന്നത്.
കാര്യപ്പെട്ട വോട്ടില്ലെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിലമ്പൂരില്‍ ബിജെപി എന്തുനേട്ടമുണ്ടാക്കുമെന്നതും പ്രധാനമാണ്. പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നിലമ്പൂരിലേത്.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിങ് സീറ്റുകളില്‍ അതാത് മുന്നണികളാണ് ജയിച്ചത്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവിടങ്ങളില്‍ യുഡിഎഫും ചേലക്കരയില്‍ എല്‍ഡിഎഫും. നിലമ്പൂരില്‍ പക്ഷേ പിവി അന്‍വര്‍ കൂടി ചേരുന്നതാണ് രാഷ്ട്രീയ ചേരുവ. ഇവിടെ ആര് ജയിക്കുമെന്നത് നിലവിലെ സാഹചര്യത്തിൽ പ്രധാനമാണ്.


